ഒരു
സവിശേഷ ചരിത്രസന്ദര്‍ഭത്തെ അഭിസംബോധന ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍
എത്രത്തോളം പ്രസക്തമാണോ അത്രത്തോളം അപ്രസക്തമാണ് കവിതകള്‍ എന്ന നിലയില്‍
'വെട്ടുവഴിക്കവിതകള്‍ ' . ഈ സമാഹാരത്തില്‍ പ്രിയപ്പെട്ട സുഹൃത്തുക്കള്‍
പലരും കവിതയെഴുതിയിട്ടുണ്ട് . ആലപ്പുഴ എസ്.ഡി കോളേജില്‍ എന്റെ മലയാളം
അദ്ധ്യാപകനായിരുന്ന അമ്പലപ്പുഴ ഗോപകുമാര്‍ സാറിന്റെ കവിതയുണ്ട് . ഫേസ്
ബുക്കില്‍ തന്നെ അവരുടേതായ മികച്ച കവിതകള്‍ പോസ്റ്റു ചെയ്തിട്ടുള്ള
സുധീഷ് കൊട്ടേമ്ബ്റത്തേയും നസീര്‍ കടിക്കാടിനേയും പോലുള്ളവരും
എഴുതിയിട്ടുണ്ട് . സമാഹാരത്തിലെ കവികള്‍ പൊതുവില്‍ പങ്കിടുന്ന സാമൂഹിക
ഉത്കണ്ടകള്‍ ഏതൊക്കെയോ തലങ്ങളില്‍ ഒരു വെറും സാധാരണക്കാരന്‍ മാത്രമായ
ഞാനും പങ്കിടുന്നുന്ടെങ്കിലും എന്തുകൊണ്ടോ 'വെട്ടുവഴിക്കവിതകളിലെ '
ഒരെണ്ണം പോലും ഒരു ചെറിയ കവിതാവായനാക്കാരനും കവിതാസ്നേഹിയുമായ എനിക്ക്
മികച്ച കാവ്യാനുഭവമായില്ല എന്ന് തുറന്നു പറഞ്ഞു കൊള്ളട്ടെ . രാഷ്ട്രീയമായ
കൃത്യത (Political correctness) ഉള്ളത് കൊണ്ട് മാത്രം ഒരു കവിതയ്ക്കും
കവിതയുടെ സൂക്ഷ്മഭാഷയിലേക്കും ഭാഷയുടെ ഭാഷയിലേക്കും ഭാഷയെക്കുറിച്ചുള്ള
ഭാഷയിലേക്കും ഭാഷയുടെ പുതുക്കലുകളിലേക്കും ഭാഷയുടെ
സൂക്ഷ്മരാഷ്ട്രീയത്തിലേക്കും സഞ്ചരിക്കാന്‍ കഴിയുകയില്ലെന്ന് ഈ കവിതകള്‍
കാട്ടിത്തരുന്നു . ഒരു ചരിത സന്ദര്‍ഭത്തില്‍ കേരളത്തിലെ ചെറുപ്പക്കാര്‍
ഏറ്റുപാടി നടന്ന 'തടവറക്കവിതകള്‍ ' അതിന്റെ ചരിത്രപരമായ പ്രാതിനിധ്യം
മാറ്റിവെച്ചാല്‍ വായിക്കാന്‍ കഴിയാത്തവിധം ഉപരിപ്ളവമായിട്ടാണ് ഇപ്പോള്‍
അനുഭവപ്പെടുന്നതെന്നു തോന്നുന്നു . അതേ സമയം , മേരി ടെയ്ലറുടെ
'ഇന്ത്യന്‍ തടവറയില്‍ അഞ്ചു വര്ഷം 'ഇന്നും വായിക്കാന്‍ കഴിഞ്ഞേക്കും . ആ
കൃതിയുടെ ഗദ്യഭാഷയില്‍ ഉള്ളടക്കത്തെ ചിലപ്പോഴെങ്കിലും അതിലംഘിക്കുന്ന
മുള്‍ക്കിരീടങ്ങളും കുരിശുകളും ചാട്ടവാറടിപ്പാടുകളും ഒഴുകി വരുന്നത്
കാണാന്‍ കഴിഞ്ഞേക്കും . ഒരു സമകാലിക ചരിത്രസന്ദര്‍ഭത്തെ അഭിസംബോധന
ചെയ്തുകൊണ്ട് ഇടശ്ശേരി എഴുതിയ 'കുറ്റിപ്പുറം പാലം ' ഇപ്പോഴും പലതരം
പാഠങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും സജീവമായിത്തീരുന്നത് അത് കേവലം ഒരു
ചരിത്ര വസ്തുതയെ അഭിമുഖീകരിച്ചു എന്നത് കൊണ്ട് മാത്രമല്ല . കവിതയില്‍
അതിനെ കവിഞ്ഞു പടരുന്ന ഭാഷയുടേയും കാഴ്ചയുടേയും ഭാവിയിലേക്കു പോകുന്ന
ലോകങ്ങള്‍ രൂപപ്പെട്ടതു കൊണ്ടുകൂടിയാണ് . 'വെട്ടുവഴി കവിതകളിലെ' കാവ്യ
സൂക്ഷ്മതയുടെയും പുതുഭാഷാതുറസ്സുകളുടെയും അഭാവങ്ങളെ തിരിച്ചറിയുന്നവര്‍ ഈ
കവിതകളിലൂടെ മലയാള കവിത രാഷ്ട്രീയത്തെ തിരിച്ചുപിടിചിരിക്കുന്നു എന്ന
മട്ടിലുള്ള മഹത്വവല്ക്കരണങ്ങളെ അതിരുകടന്നതായി മാത്രം മനസ്സിലാക്കിയാല്‍
അവരെ കുറ്റപ്പെടുത്താന്‍ കഴിയുകയില്ല.പുസ്തകപ്രസാധനവും പുസ്തകബിസിനസ്സും
ഒന്നിച്ചു കൊണ്ടുപോകാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത ഡി.സി ബുക്സിന്റെ
വ്യാപാര താല്പര്യം സ്വാഭാവികം . 'പാര്‍ട്ട് ഓഫ് ദി ഗയിം '
എന്നതിനപ്പുറം ചര്ച്ചചെയ്യാനോളമുള്ള പ്രാധാന്യം അതിനില്ല . എന്നാല്‍ ,
ദൂരവ്യാപകമായ ആപല്‍സൂചനകള്‍ നിറഞ്ഞ അതിദാരുണവും അത്രമേല്‍ സവിശേഷവുമായ
ഒരടിയന്തര സന്ദര്‍ഭത്തെ അലസവും നിരുത്തരവാദപരവുമായി എഴുതിയ കവിതകളുടെ
സമാഹാരം എന്ന നിലയിലായിരിക്കും ' വെട്ടു വഴിക്കവിതകള്‍ ' ഭാവിയില്‍
വിലയിരുത്തപ്പെടുക എന്നു ഞാന്‍ കരുതുന്നു. . ' വെട്ടുവഴിക്കവിതകള്‍ '
എന്നതിനേക്കാള്‍ ' വഴിപാടുകവിതകള്‍ ' എന്ന വിശേഷണമായിരിക്കും ഈ
കവിതകള്‍ക്ക് കൂടുതല്‍ ഇണങ്ങുക .
No comments:
Post a Comment