Friday, November 2, 2012

രവികുമാര്‍.എം.ജി-യുടെ കവിത



കാണാത്ത കാഴ്ച്ചയുടെ സംവാദ സ്ഥലങ്ങള്‍.കേള്‍ക്കാത്ത ഒച്ചയുടെ കേള്വിപ്പുറങ്ങള്‍.നിലവിലെ വാക്കുകളുടെ മറ്റൊരു നിറവ്.ഇവയെല്ലാം  ഒരു കവിതയിലെ ആത്മാര്‍ത്ഥമായ അന്വേഷണത്തിന്റെ ഭാഗമായിത്തീരുന്നു. കവിത-'കാറ്റെന്നു തോന്നിക്കുന്ന എന്തോ ഒന്ന്'.കവി -രവികുമാര്‍.എം.ജി.

നേര്‍ത്ത വളവുതിരിവുകളിലൂടെ അതിലും നേര്‍ത്ത പ്രകാശത്തിന്റെ സഞ്ചാരമാണ് ഈ കവിത.എന്നാല്‍ ഒരില ഒരു മരത്തെയെന്ന പോലെ ,മുഴങ്ങുന്ന മൌനം ഒരു ചോദ്യത്തെയെന്നപോലെ ,ഈ പ്രകാശ സഞ്ചാരം കാലത്തിലോ വിഷയത്തിലോ അല്ലെങ്കില്‍ എവിടൊക്കെയോ പതുങ്ങിക്കിടക്കുന്ന ഏതോ ധര്മ്മസങ്കടങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. Angus Fletcher ഒരിടത്ത് എഴുതുകയുണ്ടായി 'writing' means the process and the promise that some thing will follow something else'.നാം കാണുന്നു;കവിതയുടെ ഒരുതരിയരങ്ങില്‍ ഒരിറ്റു നാടകം.മനുഷ്യസത്തയും വെയിലും കാറ്റും തണലുമാടുന്ന കടുകോളം മഹാനാടകം.എള്ളോളം മഹാദൃശ്യം.എടുത്ത്തുപിടിച്ച എഴുത്തുരീതിയില്ല.പറഞ്ഞു പരത്തുന്നില്ല.സൂക്ഷ്മ തലത്തില്‍ പുതു കവിതയുടെ പൊതു സംസ്കാരത്തെ തന്റേതായ രീതിയില്‍ ആവിഷ്കരിക്കാനുള്ള ആര്ജ്ജവത്തിലൂടെയും ഉദ്യമത്തിലൂടെയും കവിത മുന്നോട്ടു പോകുന്നു.ആ ഉദ്യമം എത്രത്തോളം വിജയിക്കുന്നു എന്ന് ഓരോ വായനക്കാരനും അവരവരുടേതായ വായനയിലൂടെ തിരിച്ചറിയേണ്ട കാര്യമാണ്. എല്ലാവരെയും കവിത വായിക്കാന്‍ സ്നേഹത്തോടെ ക്ഷണിക്കുന്നു.

No comments:

Post a Comment