Friday, November 2, 2012

പി.കഞ്ഞിരാമന്‍ നായര്‍ പഠിപ്പിച്ച പാഠം



'വിണ്ണില്‍ വെളിച്ചമെഴുതി നിന്നീടുമോ
കണ്ണി ലൊരുകുറികൂടി കഷ്ണപ്രഭേ'
(സൌന്ദ്ര്യ ദേവത -1935)

മലയാള കവിതയുടെ സമീപകാല ചരിത്രത്തില്‍ ഒരത്ഭുതം നടന്നു.പി.കുഞ്ഞിരാമന്‍ നായര്‍ തിരിച്ചു വന്നു.തിരിച്ചു വരിക മാത്രമല്ല ,തിരിച്ചറിയപ്പെട്ടു.വിവിധ രീതികളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.പല തലങ്ങളില്‍ പുനര്‍ വായിക്കപ്പെട്ടു.ഭാവിയില്‍ നടക്കാനിടയുള്ള പി.കവിതയുടെ വായനകള്‍ ഇതിന്റെ തുടര്‍ച്ചയും വികാസവും വിച്ഛേദനവുംസാധ്യതകളും ആയിരിക്കും അന്വേഷിക്കുക.അത്രത്തോളം പി. തിരിച്ചു വന്നു.കവിയുടെ സമ്പൂര്‍ണ സമാഹാരം വന്നു.പലര്‍ എഡിറ്റു ചെയ്ത കവിതാ സമാഹാരങ്ങള്‍ വന്നു.'കവിയുടെ കാല്‍പ്പാടുകളും' 'നിത്യ കന്യകയെത്തേടിയും' 'എന്നെത്തിരയുന്ന ഞാനും'വന്നു.

തെന്നിയും തെറിച്ചും തെറ്റിയുമുള്ള എഴുത്തായിരുന്നു പി.യുടേത് .ഒരുപാട് തവണ വീണും ഇടറിയും പതറിയുമാണ് ആ കവിത നിവര്‍ന്നു വന്നത്.മലയാള കവിതയില്‍ ഏറ്റവും ഉയര്‍ന്ന ചില ശിഖരങ്ങളിലേക്ക് -'കളിയച്ചനി'ലേക്കും 'നരബലി'യിലെക്കും 'സൌന്ദര്യ ദേവത 'യിലേക്കും എത്താനാണ് പി. ഒരുപാട് എഴുതി നോക്കിയത്.തെറ്റിപ്പോകുന്ന ശരികളായിരുന്നു പി.കവിതകള്‍.എന്നാല്‍ കൃത്യമായ ശരികളേക്കാള്‍ മികച്ച ദൂരങ്ങള്‍ അവ കാണിച്ചു തന്നു.കണക്കുകൂട്ടി ഒരുപാട് എഴുതുകയായിരുന്നില്ല.എട്ടും പൊട്ടും തിരിയാത്ത ഒരാളെന്ന് തോന്നിപ്പിച്ചുകൊണ്ട്‌ മലയാള കവിതയില്‍ പി.കാണിച്ച ധാരാളിത്തം നിറഞ്ഞ താന്തോന്നിത്തം  കാവ്യ സിദ്ധാന്തങ്ങളേയും കവിയെ തന്നെയും കവിഞ്ഞു പോയ ഒന്നായിരുന്നു.ആ കവിഞ്ഞു പോകല്‍ ചിലപ്പോള്‍ കവിതയെ തന്നെ അപ്രത്യക്ഷമാക്കുകയും മറ്റുചിലപ്പോള്‍  കവിതയുടെ വന്കരകളെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു.അതായിരുന്നു പി. കവിതയില്‍ നിരന്തരം നടന്ന മാജിക് അഥവാ മാജിക്കല്‍ റിയലിസം .കവിതകള്‍ ചുഴറ്റിയെറിഞ്ഞ് പി.സൃഷ്ടിച്ച കേരളം പി.വിഭാവന ചെയ്ത കേരളമായിരുന്നു.ഒരു പുറം നിറയെ ഭ്രാന്തു പിടിച്ച ഭാവനയിലെ കേരളത്തെ നിറച്ചു കുത്തിവരചെഴുതി  തീവ്റ യാഥാര്‍ത്യത്തിന്റെ മറുപുറത്തെ വായനക്കാര്‍ക്ക് വിട്ടു കൊടുക്കുകയാണ് പി .ചെയ്തത്.ഭാവനയിലെ കേരളത്തില്‍ നിന്ന് കൊണ്ട് പി.സജെസ്റ്റ് ചെയ്ത കേരളത്തിന്റെ യാഥാര്‍ത്ഥ്യം ഒരു വെറും മനുഷ്യന്‍ തിരിച്ചറിഞ്ഞ യാഥാര്‍ത്യമായി വായക്കാരന്‍ മനസ്സിലാക്കുന്നു.അത് സുതാര്യമായിരുന്നു.സുതാര്യത എന്നത് ചിലപ്പോള്‍ ആകസ്മികമായ സൂക്ഷ്മതയുടെ ഭാഷ സംസാരിക്കുമെന്നും അത് വായനക്കാരനെ  ഉപചാരങ്ങളില്ലാത്ത്ത സ്നേഹത്തിലേക്ക് കൂടിക്കൊണ്ടു പോകുമെന്നും പി.യുടെ കവിതകള്‍ പറഞ്ഞു തന്നു.

സമകാലികതയുടെ തോതോപ്പിചെഴുതാനോളം അതിബുദ്ധിമാനായിരുന്നില്ല പി.അതുകൊണ്ട് തന്നെ തോതോപ്പിചെഴുതുന്ന കവിതകളില്‍ വാക്കുകളെ വെട്ടിച്ച് കടന്നു കയറാറുള്ള കള്ളനാട്യങ്ങള്‍ പി. കവിതയില്‍ നിന്നും സ്വാഭാവികമായും ഒഴിഞ്ഞു പോയി.കവിതയിലൂടെ കവിതയെ മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ട്‌ കവിതയെന്ന സമുദ്രസംസ്കാരത്തിലേക്ക് പി.യുടെ നദികള്‍ ഒഴുകിക്കൊണ്ടിരുന്നു.മണ്ണിലെ നിളാനദിക്ക് കൃത്യമായ ഒഴുക്കുവഴികളുണ്ട്. പി.കവിതയില്‍ നിളാനദി ക്രമം തെറ്റിയൊഴുകുന്നു.അങ്ങനെ മണ്ണിലെ നിളാ നദി ഒഴുക്കികൊണ്ട് വരുന്നതിനേക്കാള്‍ വലിയ ലോകങ്ങള്‍ ,സംസ്കാരത്തിന്റെ എക്കലുകള്‍ ,മണവും നിറവും മൌനവും മഹാദുഖങ്ങളും ഒപ്പം കുറെ മിഥ്യകളും പിയുടെ നിളയില്‍ ഒഴുകിവന്നു.കവിതയെന്ന നിത്യ കന്യകയെതേടി പി നടന്നു എന്നത് ഒരു മിത്ത് .പി.തന്നെ സ്വയം ആ മിത്തിനെ ആഘോഷിച്ചു.സത്യത്തില്‍ തന്നോടൊപ്പം നിരന്തരം നടന്ന കവിതയെ മറന്നു പോകുന്നിടത്തോളം ഉന്മാദിയായിരുന്നു പി.നമ്മുടെ കവികള്‍ എപ്പോഴും ഓര്‍മ്മിക്കുന്ന ഒന്നിനെ പി .മറന്നുകൊണ്ടേയിരുന്നു.ആ മറവിയാണ് പി.എന്ന പ്രതിഭാസത്തെ സൃഷ്ടിച്ചത്.

ജീവിച്ചിരുന്ന കാലത്ത് നിരൂപകര്‍ ചില ബ്റാകറ്റുകളില്‍ പി.യെ ഒതുക്കിക്കളഞ്ഞു.ആ ബ്റാകറ്റുകള്‍  ഒരു കുട്ടിക്കളിയിലെന്നവണ്ണം തട്ടിത്തെറിപ്പി ച്ചുകൊണ്ട് പി.പഠിപ്പിക്കുന്ന പാഠം എന്താണ് ? എങ്ങനെയൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചാലും ആരു തമസ്കരിക്കാന്‍ പണിപ്പെട്ടാലും ക്രിയേറ്റിവ് ഫയര്‍ ഉള്ള എന്തും ഏതൊരാളും ഇല്ലതാകുകയില്ല.അങ്ങയുള്ള എന്തിന്റെയും ഏതൊരാളുടെയും ജന്മം ജരാസന്ധന്റേതാണ്.വെട്ടി മുറിചിട്ടാലും മുറികൂടും .ഉയിര്തെഴുന്നേല്‍ക്കും .

രവികുമാര്‍.എം.ജി-യുടെ കവിത



കാണാത്ത കാഴ്ച്ചയുടെ സംവാദ സ്ഥലങ്ങള്‍.കേള്‍ക്കാത്ത ഒച്ചയുടെ കേള്വിപ്പുറങ്ങള്‍.നിലവിലെ വാക്കുകളുടെ മറ്റൊരു നിറവ്.ഇവയെല്ലാം  ഒരു കവിതയിലെ ആത്മാര്‍ത്ഥമായ അന്വേഷണത്തിന്റെ ഭാഗമായിത്തീരുന്നു. കവിത-'കാറ്റെന്നു തോന്നിക്കുന്ന എന്തോ ഒന്ന്'.കവി -രവികുമാര്‍.എം.ജി.

നേര്‍ത്ത വളവുതിരിവുകളിലൂടെ അതിലും നേര്‍ത്ത പ്രകാശത്തിന്റെ സഞ്ചാരമാണ് ഈ കവിത.എന്നാല്‍ ഒരില ഒരു മരത്തെയെന്ന പോലെ ,മുഴങ്ങുന്ന മൌനം ഒരു ചോദ്യത്തെയെന്നപോലെ ,ഈ പ്രകാശ സഞ്ചാരം കാലത്തിലോ വിഷയത്തിലോ അല്ലെങ്കില്‍ എവിടൊക്കെയോ പതുങ്ങിക്കിടക്കുന്ന ഏതോ ധര്മ്മസങ്കടങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. Angus Fletcher ഒരിടത്ത് എഴുതുകയുണ്ടായി 'writing' means the process and the promise that some thing will follow something else'.നാം കാണുന്നു;കവിതയുടെ ഒരുതരിയരങ്ങില്‍ ഒരിറ്റു നാടകം.മനുഷ്യസത്തയും വെയിലും കാറ്റും തണലുമാടുന്ന കടുകോളം മഹാനാടകം.എള്ളോളം മഹാദൃശ്യം.എടുത്ത്തുപിടിച്ച എഴുത്തുരീതിയില്ല.പറഞ്ഞു പരത്തുന്നില്ല.സൂക്ഷ്മ തലത്തില്‍ പുതു കവിതയുടെ പൊതു സംസ്കാരത്തെ തന്റേതായ രീതിയില്‍ ആവിഷ്കരിക്കാനുള്ള ആര്ജ്ജവത്തിലൂടെയും ഉദ്യമത്തിലൂടെയും കവിത മുന്നോട്ടു പോകുന്നു.ആ ഉദ്യമം എത്രത്തോളം വിജയിക്കുന്നു എന്ന് ഓരോ വായനക്കാരനും അവരവരുടേതായ വായനയിലൂടെ തിരിച്ചറിയേണ്ട കാര്യമാണ്. എല്ലാവരെയും കവിത വായിക്കാന്‍ സ്നേഹത്തോടെ ക്ഷണിക്കുന്നു.

കെ.എ.ജയശീലന്റെ കവിത




സ്ഥലം തന്നു
കെ. എ. ജയശീലന്‍

ഞാന്‍
എന്റെകൂടെ
നിറങ്ങളും രൂപങ്ങളും
കൊണ്ടുവന്നു.

ലോകം
അതിറക്കിവെയ്ക്കാന്‍
സ്ഥലം തന്നു.

കെ.എ.ജയശീലന്റെ കവിതകള്‍ അര്‍ത്ഥതലത്തിലും കാവ്യവിഷയത്തിലും ഭാഷയിലും അനവധി അടരുകള്‍ നിര്‍മ്മിക്കുന്നു.എഴുത്തിന്റെ സൌമ്യമെന്നു തോന്നാവുന്ന പ്രകംബനങ്ങളില്‍ ഓരോ അടരും അടര്‍ന്നു വീഴുകയും ചുരുണ്ടുയര്‍ന്ന് കവിത വ്യതിരിക്തമായ രൂപം കൈക്കൊള്ളുകയും ചെയ്യുന്നു.

പിരിച്ചെടുക്കുന്ന അര്‍ത്ഥത്തിന്റെ വ്യാഖ്യാനങ്ങള്‍ . ചുഴിഞ്ഞെടുക്കുന്ന കാവ്യ വിഷയത്തിന്റെ ആഴങ്ങള്‍. അഴിച്ചുകെട്ടുമ്പോള്‍ അയഞ്ഞും അഴിച്ചുവിടുമ്പോള്‍ മുറുകിയും പിണയുന്ന ഭാഷാവിതാനങ്ങള്‍.അങ്ങനെ ഏറെക്കുറെ അപൂര്‍വവും അസാധാരണവുമായ സാധ്യതകളെ കവിതയിലേക്ക് തുറക്കുന്നു.പൂര്‍ണമായും തുറന്നിടുകയല്ല.പാതിമാത്രം തുറന്നിട്ടുകൊണ്ട്ട് നിഗൂഡവും സവിശേഷവുമായ ഒരു ആകാംഷയില്‍ വായനക്കാരനെ കൊണ്ടുചെന്നു നിര്ത്തുന്നു.കവിതയുടെ സംവാദ സ്ഥലങ്ങള്‍ വായനക്കാരന് വഴങ്ങുകയല്ല ,മറിച്ച് വായനയെ തന്നെ അപഗ്രഥിച്ചുകൊണ്ട് വായനക്കാരനെ അകത്തേക്കകത്തേക്ക് പിടിച്ചെടുക്കുന്നു.

അതീതങ്ങളിലേക്കും ആകാശങ്ങളിലേക്കും അപരഗ്രഹചക്രങ്ങളിലേക്കുമുള്ള ആരോഹണങ്ങളും മണ്ണിലേക്കും മനുഷ്യനിലേക്കും പക്ഷിയിലേക്കും മൃഗത്തിലേക്കും പുല്ലിലേക്കും പുഴുവിലേക്കും ശലഭത്തിലേക്കുമുള്ള അവരോഹണങ്ങളുമാണ് ജയശീലന്റെ കവിതയുടെ സംഗീതാന്തര്‍ഗതിയെ നിര്‍ണ്ണയിക്കുന്നത്.ഒപ്പം ഉന്മുഖമായ കാഴ്ച്ചയുടെ വിശാലസന്ദര്‍ഭങ്ങളും അധോമുഖനോട്ടത്ത്തിന്റെ സൂക്ഷ്മസന്ദര്‍ഭങ്ങളും ചേര്‍ന്ന് ആ കവിതയില്‍ ഭാഷയുടെ ചലച്ചിത്രങ്ങള്‍ രൂപപ്പെടുന്നു.

ജയശീലന്റെ കവിതകള്‍ ഒഴുകുന്നില്ല.ഒഴുക്കില്‍ പെടുന്നില്ല. ഒന്നും ഒഴുക്കികൊണ്ട് വരുന്നില്ല.പലതരം കാവ്യാവാസവ്യവസ്ഥകളില്‍ നിവര്‍ന്നും ഒടിഞ്ഞും മടങ്ങിയും കുനിഞ്ഞും ചരിഞ്ഞും പറന്നും അതിജീവിച്ചുകൊണ്ടേയിരിക്കുന്നു.

സുഷമയുടെ കവിത




സുഷമ.പി.എം.  കവിതയെഴുത്തുകാരി. ഇളമുറക്കാരി.കവിതയില്‍ ഇടഞ്ഞ നില.എഴുത്തില്‍ വൈകാരികതയുടെ ചിത്രമെഴുത്ത്‌.സ്വകാര്യതയുടെ നിറങ്ങള്‍ പൊള്ളുന്ന കാവ്യാകാശം.പെണ്ണകങ്ങളെ വിപരീത സൌന്ദ്ര്യത്ത്തിലേക്ക് -വിപരീത സൌന്ദര്യത്തെ  ബാഹ്യലോകവുമായുള്ള സംഘര്‍ഷത്തിലേക്ക് - സംഘര്‍ഷങ്ങളെ അസാധാരണമായ കാഴ്ചകളിലേക്ക് - ഈ വിധം സഞ്ചരിച്ചുകൊണ്ട് കവിതയെ മറ്റൊരു ഭാഷയായും ആശയമായും മനസ്സിലാക്കാനാണ് സുഷമ ശ്രമിക്കുന്നത്.ഈ ശ്രമം ചിലപ്പോള്‍ പരാജയപ്പെടുകയും ചിലപ്പോള്‍ വിജയിക്കുകയും ചെയ്യുന്നു.
അന്തര്‍ഗതങ്ങളെല്ലാം പരസ്പരം കുരുങ്ങിവലിഞ്ഞ് ,തിരകള്‍ നീറിപ്പിണഞ്ഞുയര്‍ന്ന് ,പുറത്തേക്ക് തെറിച്ചു വീണു പ്ടയുന്നു.ആ പിടച്ചിലുകളാണ് കൌമാരസഹജമായ ലഹരിയില്‍ സുഷമ കവിതയിലേക്ക് പിടിച്ചിടുന്നത്. Besty Franco എഡിറ്റു ചെയ്ത 'പെണ്കൌമാരകവിതാസമാഹാരമായ' Things I have to tell you നിരൂപണം ചെയ്തുകൊണ്ട് സ്ത്രീപക്ഷ ചിന്തകയായ Donna Haraway  എഴുതുന്നു:Teen poems are often declaration of liberty.A peculiar kind of struggle can be seen in its aesthetics.'The real' in the accepted world of poetry becomes ''The unreal' in teen poems.Haraway സൂചിപ്പിക്കുന്ന കൌമാര കവിതയുടെ സവിശേഷതകളില്‍ പലതും സുഷമയുടെ കവിതകളിലും സന്നിഹിതമായിരിക്കുന്നു.കവിതയുടെ സിദ്ധാന്തങ്ങളില്‍ നിന്നല്ല,കവിതയെഴുതെന്ന നിര്‍മ്മാണപ്രക്രിയയില്‍ സസൂക്ഷ്മം സംഭവിക്കുന്ന തകിടം മാറിച്ചിലുകളില്‍ നിന്നാണ് കവിതയില്‍ അപൂര്വമെന്നു തോന്നാവുന്ന വരികള്‍ രൂപം കൊള്ളുന്നത്‌.ഇത്തരമൊരു അപൂര്‍വത കവിതയില്‍ ഉടനീളം നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് കവിതയിലെ  ഒരു പ്രതിസന്ധി.എന്നാല്‍ ഈ പ്രതിസന്ധിയെ മറികടക്കാനുള്ള സാര്‍ത്ഥകമായ ശ്രമങ്ങള്‍ കവിതയില്‍ അവശേഷിപ്പിക്കുന്നു എന്നതാണ് സുഷമയുടെ കവിതകളെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്നത്.മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഓരോ കവിതയും അതിന്റെ സമഗ്രതയില്‍ ആര്ജിക്കേണ്ട ജാഗ്രതകളുണ്ട്‌.അതേ സമയം അത്തരമൊരു ജാഗ്രതയിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്ന കാവ്യയാത്രാബലം ഇപ്പോഴേ പ്രകടിപ്പിക്കുന്നുണ്ട് ഈ കൌമാരക്കാരി.നാം പ്രതീക്ഷിക്കുന്നു .കാത്തിരിക്കുന്നു.

കുഞ്ചന്‍ നമ്പ്യാര്‍-ഒരു കുട്ടനാടന്‍ ചിട്ട




കുഞ്ചന്‍ നമ്പ്യാര്‍ പലതാണ് .
പ്രാകൃതം ,തമിഴ് ,തെലുങ്ക് തുടങ്ങിയ ദ്രാവിഡ ഭാഷാ ഭേദങ്ങളും ഹിന്ടുസ്ഥാനീലയവും ലാടഭാഷയുടെ തിണര്പ്പുകളും കൂടിച്ചേര്‍ന്ന കാവ്യ നിര്‍മ്മാണങ്ങളിലൂടെ തരംഗിണി,ഊനതരംഗിണി ,അര്‍ദ്ധ കേക,സ്വാഗത,സുമംഗല ,വക്ത്രും,ഹംസപ്ളുതം,അജരഗമാനം ,കൃശമധ്യ ,കാകളി ,കളകാഞ്ചി തുടങ്ങിയ വൃത്തങ്ങളുടെ പതിവ് ചിട്ടവട്ടങ്ങളെ ,യാഥാസ്ഥിതിക ചൊല്വടിവുകളെ അതിവര്ത്തിച്ച നമ്പ്യാര്‍.

മലയാളത്തിന്റെ അടിവേരുകളില്‍ നിന്നും താളപ്പെരുക്കങ്ങളുടെ നാട്ടുവഴക്കങ്ങള്‍ വലിച്ചെടുത്ത് കവിതയില്‍ പടര്ത്തിയിട്ട നമ്പ്യാര്‍.

ഹരിണീ സ്വയംവരം,സുന്‍ദോപ സുന്ദരോപാഖ്യാനം തുടങ്ങിയ കൃതികളില്‍ കഥകളിയെ കുറിച്ചുള്ള വിമര്‍ശന പാഠങ്ങള്‍ കുറും ഫലിതതോടെ ഒളിപ്പിച്ചുവെച്ച നമ്പ്യാര്‍.

'പാര്‍വതീ സ്വയംവരം പാന'യില്‍ ദേഷ്യം വരുമ്പോള്‍ ദേവി ദേവന്‍ മാരാണെന്നതു മറന്ന്‌ സാധാരണ മനുഷ്യരെപ്പോലെ ശിവന്‍ പാര്‍വതിയെ അഭിസംബോധന ചെയ്തു പൊകുമെന്നു പറഞ്ഞ്‌ പുരാണ കഥാ സന്ദര്‍ഭങ്ങളെ കുസൃതി കൊണ്ടുപിളര്‍ന്ന് ,പുതുഭാഷയില്‍ പറഞ്ഞാല്‍ പാരഡിയുടെയും പാസ്ടിഷിന്റെയും രസകരമായ കലര്‍പ്പ് സൃഷ്ടിക്കുന്ന നമ്പ്യാര്‍.

കുരുത്തോല കൊണ്ടും മനയോലകൊണ്ടും വേഷംകൂടിയുണ്ടാക്കി written textഉം performing textഉം രണ്ടല്ലെന്നു കാട്ടി തന്ന് സംവിധായകനായും നടനായും കവിയായും പകര്‍ന്നാടിയ നപ്യാര്‍.

അപാരമായ തന്റെ വൈവിധ്യം കൊണ്ട് തന്റെ കാലത്ത്തെഴുതപ്പെട്ട എല്ലാ കൃതികളും തന്റേതെന്നു തോന്നിപ്പിച്ചുകൊണ്ട്‌ സാഹിത്യ ചരിത്രകാരന്മാരും പണ്ടിതന്മാരുമായ ഉള്ളൂര്‍ ,ആര്‍.നാരായണ പ്പനിക്കാര്‍ ,കെ. ആര്‍. കൃഷ്ണപിള്ള ,എം. ആര്‍. ബാല കൃഷണ വാരിയര്‍,വടക്കുംകൂര്‍ രാജരാജവര്‍മ്മ,സി. കുഞ്ഞന്‍ രാജ ,ഡോ.സി അച്യുതമേനോന്‍ ,ആറ്റൂര്‍ കൃഷ്ണ പ്പിഷാരടി ,സാഹിത്യവല്സലന്‍ തുടങ്ങിയവര്‍ക്ക് പിടികൊടുക്കാതെ കാവ്യ ചരിത്രത്തില്‍ ഒളിച്ചു കളിച്ച നമ്പ്യാര്‍.

അമ്ബയാര് പണിക്കര്‍ (കൃഷ്ണാര്‍ജുന വിജയം )കോയിപ്പുറത്ത് പണിക്കര്‍ (ഐരാവത പൂജ ,സുന്ദരീ സ്വയംവരം )കിളിമാനൂര്‍ കോയിത്തമ്പുരാന്‍ (സന്താന ഗോപാലം )പൂന്തോട്ടത്തു ദാമോദരന്‍ നമ്പൂതിരി (അമ്ബരീഷ ചരിത്രം )നാലപ്പാടന്‍ (ദൈവ ഗതി )തുടങ്ങി ഒട്ടനവധി പിന്‍ മുറക്കാരെ തുള്ളല്‍ രചനയിലേക്ക് മോഹിപ്പിച്ച് മുന്‍പേ നടന്ന നമ്പ്യാര്‍.

തീരുന്നില്ല .
നമ്പ്യാര്‍ പലതും പലതുമാണ് .
എന്നാല്‍ ,കുട്ടനാട് -തകഴി -അമ്പലപ്പുഴ -ആലപ്പുഴ -എടത്വ -നീരേറ്റുപുറം ....അങ്ങനെ തൊട്ടു തൊട്ടു കിടക്കുന്ന പ്രദേശങ്ങളിലൂടെ ,പമ്പയാര് -മണിമലയാര് -പുന്നമടക്കായല്‍ -പള്ളാത്തുരുത്തിയാര്-തുടങ്ങിയ നീരിടങ്ങളിലൂടെ പിണഞ്ഞു ജീവിച്ചു പോന്ന ഞങ്ങള്‍ക്ക് കുഞ്ചന്‍ നമ്പ്യാരാര്‍ ഞങ്ങളുടെ ദേശത്തിന്റെ ആദ്യ ചരിതകാരന്മാരില്‍ ഒരാളാണ്.അല്ലെങ്ങില്‍ അങ്ങനെ കാണാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം.

ഭീമനെയും കൊണ്ട് കുബേരന്റെ സദസ്സില്‍ ചെല്ലുമ്പോഴും നമ്പ്യാര്‍ കുട്ടനാടിനെ കുറിച്ചാണ് എഴുതിയത്.
'കല്ലോല ജാലം കളിക്കുന്ന കണ്ടു
കമലമണി നിറമുടയ കമലമതു കണ്ടു'
പുന്നമടക്കായലില്‍ തോണിയില്‍ അക്കരെയിക്കരെ കടക്കുമ്പോള്‍ ഞങ്ങള്‍ കാണുന്ന അതേ ദൃശ്യം.

ചെറു പുല്ലുകള്‍ വകഞ്ഞുമാറിയ ആറ്റുതീരത്തെ വഴിയിലൂടെ കായല്‍ കല്‍പ്പടവുകളില്‍ കുളിക്കുന്ന കുട്ടനാടന്‍ സുന്ദരിമാരെ അവരറിയാതെ നോക്കി നടന്നു പോകുമ്പോഴും നമ്പ്യാര്‍ ഞങ്ങളുടെ ഉള്ളില്‍ മുഴങ്ങിക്കൊണ്ടിരിക്കും.
'കല്യാണിമാരും കുളിക്കുന്ന കണ്ടു
പോലിമയോടു മടുല ജപ വടിവുമതു കണ്ടു ''

കായല്‍ വെള്ളത്തില്‍ വെയിലിന്റെ തിരനോട്ടം കണ്ടിരിക്കുംപോഴും നമ്പ്യാര്‍ ഞങ്ങളെ പിന്തുടര്ന്നു.
'മത്സ്യങ്ങളോടി നടക്കുന്ന കണ്ടു
മണമിയലുമധികസുമനിരക്ളതു കണ്ടു '

മഴക്കാലത്ത് ഒരു ദേശമാകെ വെള്ളക്കുത്ത്തില്‍ ഉലഞ്ഞു കിടക്കുമ്പോള്‍ ഞങ്ങള്‍ നമ്പ്യാരെ ഓര്‍മ്മിച്ചു .
''തുള്ളി വരുന്നൊരു വെള്ളത്തിരയില്‍
തുള്ളിയല്ഞ്ഞു വളഞ്ഞു ദശാസ്യന്‍''

അതിലളിതമായ ജീവിത മുഹൂര്ത്തങ്ങളിലേക്കുണര്‍ന്ന ഞങ്ങള്‍ ബാല്യകൌമാരങ്ങള്‍ നീന്തിക്കയറിയതും നമ്പ്യാരുടെ നാട്ടുഭാഷയിലൂടെയായിരുന്നു.
''നീരുള്ള ദിക്കെന്നുറച്ചു പതുക്കെ
നീന്തുവാനുല്ലൊരു വട്ടങ്ങള്‍ കൂട്ടി ''
.....................................................................
''ചക്ക പഴങ്ങലുമത്തി പ്പഴങ്ങലുമൊക്കെ
ത്തിരഞ്ഞു വിരണ്ടു നടക്കയും
മുണ്ടില്‍ പെറുക്കി സ്വരൂപിച്ച മാമ്പഴം
കണ്ടിച്ചു തമ്മില്‍ പകുത്തു കൊടുക്കയും ''

നീരേറ്റുപുറം ആറ്റിലും പുന്നമടക്കായലിലും വള്ളം കളിക്കാലം തിരയിളക്കുംപോള്‍
ആ തിരയിലേറി വന്ന നമ്പ്യാരുടെ ഭാവന ഞങ്ങളെ അല്ഭുതപ്പെടുത്തികൊണ്ടിരുന്നു.
''ഇരുപതു തണ്ടുകള്‍ വെച്ചു മുറുക്കിയ
പെരിയൊരു വഞ്ചി കണക്കെ രാവണന്‍''
പ്രാദേശിക ദൃശ്യനുഭാവത്ത്തില്‍ നിന്ന് കൊണ്ട് ഒരു കഥാ പാത്രത്തിന്റെ ഗ്രാഫിക് ഡിസൈന്‍ നിര്‍മ്മിക്കുന്ന ഈ വരികകള്‍ എഴുതിയതല്ല ,വരച്ചിട്ടത് .മിത്തിക്കല്‍ കഥാപാത്രങ്ങളെ ആധുനികാനന്തരക്കാ ഴ്ച്ചകളിലേക്ക് പരിവര്ത്തിപ്പിക്കുന്ന ഗ്രാഫിക് ഡിസൈനര്‍ രേഗെ വില്കിന്സനെ(Rege wilkinson) ഞങ്ങള്‍ അറിഞ്ഞത് പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് .

തിരുവനന്തപുരം കൊട്ടാരത്തിലേക്കും തകഴിക്കൊട്ടാരത്തിലേക്കും തലവടിക്കൊട്ടാരത്തിലേക്കും പടയണി തുള്ളലിലേക്കും കച്ചകെട്ടിലേക്കും മാത്രമല്ല നമ്പ്യാര്‍ സഞ്ചരിച്ചത്. ഏറെക്കാലം ഞങ്ങളുടെ നാട്ടിടവഴികളിലും ആറ്റിറംബിലും പാടത്തും പറമ്പിലും അലഞ്ഞു തിരിഞ്ഞ് , ഞങ്ങളുടെ നാട് കണ്ടു കണ്ട് ഞങ്ങളുടെ നാട്ടുകാരനായി തീര്ന്നതുകൊണ്ടാണ് നമ്പ്യാര്‍ കവിതയില്‍ ജനകീയ സംസ്കാരവും ജനാധിപത്യ ബോധവും രൂപപ്പെട്ടതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

നപ്യാര്‍ പലര്‍ക്കും പലതാണ്.
ഞങ്ങള്‍ക്ക് ഞങ്ങളുടെ ആറ്റിലും നീറ്റിലും പാടത്തും വരമ്പിലും മണ്ണിലും മഴയിലും ഒലിയും അലയും അലിവുമായ ഒരാള്‍ .ഒരു വരി .ഒരു കാഴ്ച.ഒരു കവിത.

മോയിന്‍കുട്ടി വൈദ്യരുടെ കവിത




മോയിന്‍ കുട്ടി വൈദ്യരുടെ കവിതകള്‍ക്ക് ജനകീയവും കൊളോണിയല്‍ വിരുദ്ധവുമായ ഒരു ചരിത്ര പശ്ചാത്തലമുണ്ട് .ആ കവിതകളുടെ ഗാനാത്മകതയും കാവ്യ ഭംഗിയും മാത്രമല്ലഅതിന്റെ ജനകീയതയെ നിര്‍ണയിച്ചത് .ദേശസ്നേഹികളായ തദ്ദേശവാസികളെ അതിലടങ്ങിയിരുന്ന കൊളോണിയല്‍ വിരുദ്ധ മനോഭാവവും ഏറെ സ്വാധീനിച്ചിട്ടുണ്ടാകണം .ഒരു കാലഘട്ടത്തില്‍ (1800-1947) വിദേശാധികാരത്തിന്റെ അടിച്ചമര്തലിനെതിരായി മലബാറിലാകമാനം ഉയിര്‍കൊണ്ട ജനങ്ങളുടെ സ്വാതന്ത്ര്യ വാഞ്ചയെ കരുപ്പിടിപ്പിക്കുന്നതില്‍ വൈദ്യരുടെ കവിതകള്‍പ്രത്യേകിച്ചും 'ബദര്‍ പടപ്പാട്ട് ''മലപ്പുറം പടപ്പാട്ട് 'തുടങ്ങിയവ വഹിച്ച പങ്ക്കേരള സ്വാതന്ത്ര്യ സമരച്ചരിത്രത്ത്തില്‍ ഇനിയും വേണ്ട വിധം അടയാളപ്പെടുതപ്പെട്ടിട്ടില്ല .

മോയിന്‍കുട്ടി വൈദ്യരുടെ കവിതകള്‍ മലയാള കവിതയുടെ പൊതു മണ്ഡലത്തില്‍ ഉള്പെടുതിയാണ് സത്യത്തില്‍ പഠികേണ്ടത് .മാപ്പിള കവിയെന്നസംഞ്ഞ കൊണ്ട്മാറ്റി നിറുത്തപ്പെടെണ്ട കവിയല്ല വൈദ്യര്‍.വാക്കുകളുടെ പ്രാദേശിക സാദ്ധ്യതകളെമലയാള കാവ്യ പാരംപര്യത്ത്തില്‍ നിന്ന് കൊണ്ട് മനസ്സിലാക്കാന്‍ ശ്രമിച്ചത്ത്തിന്റെ രേഖകളാണ് അദ്ദേഹത്തിന്റെ കവിതകള്‍.

'അത്തായ സമയത്ത് പത്തായ പുറത്തുറങ്ങുപം
ആ സ്ഥലത്തുതുറക്കുനര്ത്താന്‍ വന്നതെന്തിന്?'
..............................................................................................
'മന്നാര്‍ക്കാട്ടുണ്ടൊരു തോട്ടം
എണ്ണായിരം പാട്ടം കിട്ടും
അത് തരാം പൊന്‍ പൂവേ
തുറക്ക് വാതില്‍ -തുറക്ക് വാതില്‍ '
........................................................................................
ഓണം കഴിഞ്ഞാല്‍ ചിറകുള്ള ചെമ്മീന്‍
ഓട്ടപെട്ടാല്‍ ആരും വാങ്ങൂല അമ്മീന്‍ '

സ്വതന്ത്രവും അതേ സമയം സങ്കീര്‍ണവുമായ ഘടന വൈദ്യരുടെ കവിതകളിലുണ്ട് .അറബി ,സംസ്കൃതം ,തമിഴ് ,പാര്‍സി ,കന്നഡ തുടങ്ങിയ ഭാഷകളുടെ ചേരുവയില്‍ വാര്‍ത്തെടുത്ത കവിതകള്‍ ഒരു പുതിയ കാവ്യ വഴി തേടുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെയും സങ്കീര്‍ണതകളുടെയും ഉല്പന്നമായാണ് നാം തിരിച്ചറിയേണ്ടത് .എന്നാല്‍ സംഘര്‍ഷ -സങ്കീര്‍ണതകളെ അതിലെമ്ഘിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമാക്കിതന്റെ കാവ്യ നിര്‍മാണത്തെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് വൈദ്യരുടെ കവിതകളെ പ്രസ്ക്തമാക്കിത്തീര്‍ക്കുന്നത് .'ഹുസ്നുല്‍ ജമാലിന്റെ 'വ്യാഖ്യാനത്തിന് (1960 പുന്നയൂര്‍കുളം വി .ബാപ്പുവിന്റെ വ്യാഖ്യാനം ) സി. എ .കുഞ്ഞുണ്ണി രാജഎഴുതിയ അവതാരിക ഈ വിഷയം മറ്റൊരു രീതിയില്‍ പറയുന്നു.'ലോകത്ത് ഇങ്ങനെയെല്ലാം ഉണ്ടാകുമോ എന്ന ചോദ്യമല്ല ,ഇങ്ങനെയെല്ലാം ഉണ്ടായാല്‍ എന്നചോദ്യമേയുള്ളൂ.ബലേഭേഷ് എന്നായിരിക്കും എല്ലാവരുടേയും ഉത്തരം .അത് തന്നെയാണ് ഇത്തരം കൃതികളുടെ കവികള്‍ക്ക് നല്‍കുന്നതും അവര്‍ ആശിക്കുന്നതുമായ ഏറ്റവുംവലിയ ബിരുദം.ഇതിലധികം ഇന്നത്തെ കാലത്ത് ഇതുപോലുള്ള ഒരു ഗ്രന്ഥത്തിന്റെഉള്ളടക്കത്തെപ്പറ്റി പറയണമെന്നു തോന്നുന്നില്ല '.

മതയാഥാസ്ഥിതികതക്കു പകരം മതപരമായ പുരോയാനങ്ങള്‍ ,മതസ്പര്‍ദ്ധക്ക് പകരംമതസൌഹാര്‍ദം ,മത നിഷേധത്തിന് പകരം മതപരമായ സ്വയം വിമര്‍ശനം -ഇത്തരമൊരുസാംസ്കാരിക ഭൂമികയാണ് വൈദ്യര്‍ കവിതകളില്‍ ഉടനീളം കാണാന്‍ കഴിയുക .ഒരുകൂട്ടംമതയാഥാ സ്ഥിതികരില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് ആകവിതകള്‍ക്കുള്ളില്‍ ജന്നധിപത്യപരവും സ്വതന്ത്രവുമായ ഇച്ഛകള്‍ പ്രവര്‍ത്തിച്ചിരുന്നത് കൊണ്ടുതന്നെയാവണം .

പില്‍ക്കാലത്ത്‌ പുലികൊട്ടില്‍ ഹൈദര,്‍പി.ടി.ബീരാങ്കുട്ടി ,ടി.ഉബൈദ്, പി.ടി.അബ്ദുറഹിമാന്‍ തുടങ്ങിയകവികള്‍ക്ക് തന്റേടത്തോടെ നടന്നുകയറാന്‍ പാകത്തില്‍ ഒരുകാവ്യധാരക്ക് രൂപംനല്‍കി എന്നത ്മാത്രമല്ല,ആ കവ്യധാരക്ക് വര്‍ത്തമാനകാലത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന അപച്ചയങ്ങല്കെതിരായി ഉപയോഗിക്കാന്‍ പറ്റിയ ഉദാത്തമാതൃകകളായ കൃതികള്‍ രചിച്ചു എന്നത്കൂടിയാണ് വൈദ്യരെ ഏറ്റവും സമകാലികനാക്കുന്നത്.

ദഫ്മുട്ടിന്റെ ചടുലതയും പരിച്ചമുട്ടിന്റെ ഊര്‍ജവും വാള്പയട്ടിന്റെഇണക്കവും മയിലാഞ്ചിച്ചന്തവും നിറഞ്ഞവയാണ് അദ്ദേഹത്തിന്റെ കവിതകള്‍.തുള്ളല്‍പാട്ടുകളും കഥകളിപ്പാട്ടുകളും വൈദ്യരുടെപടപ്പാട്ടുകളും ഒരുമിച്ചുവെച്ചുവായിക്കുംപോള്‍ കൌതുകകരവും രസകരവുമായ പലകന്ടെത്തലുകളിലേക്കും കൂടുതല്‍വിശാലമായകേരളസംസ്കാരപഠനത്തിലേക്കും ഒരേസമയം എത്തിച്ചേരാന്‍കഴിഞ്ഞേക്കും.

നമ്മുടെ കാലഘട്ടത്തിലെ എല്ലാ ജനാതിപത്യവിരുദ്ധതകല്ക്കുമെതിരെ രൂപപ്പെടുന്ന ,രൂപപ്പെടേണ്ട ബദലുകളില്‍ മോയിന്‍കുട്ടിവൈദ്യരുടെ കവിതകള്‍ക്കും സവിശേഷമായ ഒരിടം ഉണ്ടെന്നും ഉണ്ടാകണമെന്നും ഞാന്‍ വിചാരിക്കുന്നു .

സുജീഷ് എന്‍ .എം -ന്ഠെ കവിതകള്‍




Poetry is dead?So they say
Yes,ya betcha,ja ja,oui oui, si si
quite so,indeed,to be sure,j
correct,right on the nose,the button.
And the next bus is long wait,
don't run any more ,been taken off.
-Carl Sandburg (Harvest Poems)

സ്വാതന്ത്ര്യം തിളങ്ങുന്നു. സ്വാതന്ത്ര്യം പൊട്ടിച്ചിതറുന്നു.സ്വാതന്ത്ര്യം പിടയുന്നു.സ്വാതന്ത്ര്യം ഒറ്റപ്പെടുത്തുന്നു.സ്വാതന്ത്ര്യം പൊരുത്തപ്പെടാതെ തെന്നുന്നു.സ്വാതന്ത്ര്യം കാഴ്ചകളില്‍ പടരുന്നു.സ്വാതന്ത്ര്യം സദാചാരങ്ങളെ ചാടിക്കടക്കാന്‍ ശ്രമിച്ചുകൊണ്ട് തെറ്റിത്തെറിച്ച് ചുവടുകള്‍ വെക്കുന്നു.Andy Gibb-ന്ഠെ പാട്ടിലെന്നവണ്ണം  ഇടിച്ചുതകന്നു വീഴുകയും വീണ്ടും വിലക്ഷ്ണമനോഹരമായി കൂടിചേര്‍ന്നുയിര്‍ക്കുകയും ചെയ്യുന്ന ഉന്‍മാദങ്ങളിലേക്ക് സ്വാതന്ത്ര്യം സഞ്ചരിക്കുന്നു.ബ്രൌണ്‍ഷുഗറിന്റെയും കൊക്കയിന്‍റെയും കഞ്ചാവിന്റെയും കാറ്റുപിടിചൊഴുകി നടക്കുന്ന  പായ്ക്കപ്പലില്‍ നിന്നും സ്വാതന്ത്ര്യം വാക്കുകളുടെ  കരയിലിറങ്ങുന്നു.ലോഹപ്പാളികള്‍ പരസ്പരമുരയുന്ന ശബ്ദത്തില്‍ വിനിമയം ചെയ്യപ്പെടുന്ന Janis Joplin-ന്ഠെ പെണ്‍ഗാനസത്തയെ അഭിസംബോധന ചെയ്യുന്ന  ആണ്‍മയായി സ്വാതന്ത്ര്യം അടിത്തട്ടില്‍ തിരകൊള്ളുന്നു.സ്വാതന്ത്ര്യം സംഘര്‍ഷങ്ങളെ സാദാമട്ടില്‍ നോക്കിക്കാണുന്നു.സ്വാതന്ത്ര്യം സഗൌരവങ്ങളെ സഹജ ഭാഷയില്‍ കളിയാക്കി രസിക്കുന്നു.സ്വാതന്ത്ര്യം  ഒളിഞ്ഞു നോക്കുന്നു.സ്വാതന്ത്ര്യം ചെറഞ്ഞു നോക്കുന്നു. എഴുതുമ്പോള്‍ എഴുതാനെടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഈവിധമുള്ള നിരവധി തുറസ്സുകള്‍ നിറഞ്ഞും തിരിഞ്ഞും ഏങ്കോണിച്ചും കിടക്കുന്ന മറ്റൊരു തരം ഗ്രഹചക്രങ്ങളെയാണ് സുജീഷ് എന്‍.എം-ന്ഠെ കവിതകള്‍ ഓര്‍മ്മിപ്പിക്കുന്നത്.ഇപ്പോള്‍ കവിതകളില്‍ പ്രത്യക്ഷപ്പെടുന്ന പ്രതീക്ഷാനിര്‍ഭരമായ ചെറുസൂചനകള്‍ കൂടുതല്‍ അര്‍ഥവത്തായ വിതാനങ്ങളിലേക്കുള്ള യാത്ത്രകളുടെ അടയാളങ്ങള്‍ കൂടിയാണ് .ഈ കവി കവിതയില്‍ തന്നെ ഏറെക്കാലം ഉറച്ചു നില്‍ക്കണമെന്ന് ഒരു ചെറിയ കവിതാവായനക്കാരെനെന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നു.