Thursday, February 19, 2015

പി.എന് . ഗോപികൃഷ്ണന്റെ കവിത

നിരവധി മികച്ച വായനക്കാരാല് പ്രകീര്ത്തിക്കപ്പെടുംപോഴും എഴുതുന്ന ഓരോ പുതിയ കവിതയിലും മരിച്ചു വീഴുന്ന കവികളായാണ് സച്ചിദാനന്ദനേയും കെ.ജി .ശങ്കരപ്പിള്ളയേയും ഞാന് കാണുന്നത് . അവരുടെ ഇരുവരുടെയും ' എക്സ് ററ ന്ഷന് ' ആയി പി.എ ന്. ഗോപീകൃഷ്ണനേയും കാണുന്നു. ഈ  'എക്സ് റ്റ നന്ഷനെ ' അയാളുടെ കവിതയുടെ സവിശേഷതയായും മഹത്വമായുംഎടുത്തു കാട്ടുന്നവരായിരിക്കും ബഹുഭൂരിപക്ഷം വായനക്കാരും. കവിതാപാരമ്പര്യത്തിന്റെയും മുന്പേ പോയ എതെങ്കിലുമൊക്കെ കവികളുടേയും  പിന്തുടര്ച്ചകളായിരിക്കും ഏതു കവിയും എന്ന വാദമുയര്ത്തി അവര്ക്ക് ഈ  'എക്സ് റ്റ നന്ഷനെ ' സാധൂകരിക്കുകയും ചെയ്യാം. മാത്രമല്ല ഇതൊക്കെ വെറും സാമാന്യ പ്രസ്താവനകളാണ് എന്ന മട്ടില് തള്ളിക്കളഞ്ഞുകൊണ്ട് മലയാള കവിതാപാരമ്പര്യത്തെക്കുറിച്ച് അഗാധമായ അറിവുള്ളവര്ക്കും കാവ്യസൈദ്ധാന്തികര്ക്കും അക്കാദമിക് പണ്ഡിതന്മാര്ക്കും എന്റെ അഭിപ്രായത്തെ എളുപ്പം പൊളിച്ചു കളയാം .ഉള്ളടക്കവാദികള്ക്കാകട്ടെ,  രാഷ്ട്രീയജാഗ്രതയുള്ള രാഷ്ട്രീയകവിതയുടെ പുതിയ വികാസമായി ഈ  'എക്സ് റ്റ നന്ഷനെ '  വിശകലനം ചെയ്യാം. അവരോടൊന്നും ഞാന് തര്ക്കികുകയില്ല. കാരണം അവരാണ് കൂടുതല് ശരി. എന്നാല് , കൂടുതല് തെറ്റു വരുത്തിക്കൊണ്ട് പറയട്ടെ. കാവ്യസമീപനത്തിലും രാഷ്ട്രീയകൃത്യതാശ്രമങ്ങളിലും ഉടന് പ്രതികരണപ്രവണതയിലും സച്ചിദാനന്ദനും ശങ്കരപ്പിള്ളയും കുടിച്ചതിന്റെ ബാക്കി കുടിക്കുന്ന കവിയാണ്‌ പി.എന് . ഗോപികൃഷ്ണന്. കൂടുതല് കൂടുതല് തെറ്റു വരുത്തിക്കൊണ്ട് വീണ്ടും പറയട്ടെ .  സച്ചിദാനന്ദനും ശങ്കരപ്പിള്ളയും നിര്മ്മിച്ച വീഞ്ഞ് പുതിയ കുപ്പികളില് ഗോപീകൃഷ്ണന് നിരത്തി വെച്ചുകൊണ്ടിരിക്കുന്നു .അത് നിരവധി പേരെ ആകര്ഷിക്കുന്നു. അങ്ങനെ ആകര്ഷിക്കപ്പെടുന്നവരാണ് കൂടുതല് ശരി. എന്നാല് കൂടുതല് കൂടുതല് കൂടുതല് തെറ്റു വരുത്തിക്കൊണ്ട് ഇനിയും ചോദിക്കട്ടെ : അയാള് എന്നാണ് അയാളുടെ ആദ്യത്തെ കവിതയെഴുതുക?

No comments:

Post a Comment