Thursday, February 19, 2015

ശിവകുമാര് അമ്പലപ്പുഴയുടെ കവിത

ദേശചലച്ചിത്രത്തില് നിന്നുള്ള ഒരു സീനാണ് ശിവകുമാര് അമ്പലപ്പുഴയുടെ ' പരമ(വ)സ്തവം    '  . ചിത്രീകരിച്ച കാഴ്ചയെ മുന്നില് തന്നു കൊണ്ട് ബാക്ക്ഗ്രൌണ്ട് സ്കോറായിത്തീരുന്ന കവിത. തകഴി ശിവശങ്കരപ്പിള്ള അടിത്തട്ടിലെ മനുഷ്യരെ ചിത്രീകരിച്ച എഴുത്തുകാരനാണ്‌ . ആ ചിത്രീകരണത്തിന്റെ പരിമിതികളും പ്രത്യേകതകളും തകഴിയുടെ കൃതികളിലുണ്ട്. ടി. കെ. സി വടുതലയുടെ കൃതികളിലാകട്ടെ , അടിത്തട്ടില് താന് കൂടി നേരിട്ടതിനെ തിരുത്ത്തിയെടുക്കാന് ആലോചിച്ചുകൊണ്ട്‌ തീര്ച്ചകളോടെ എഴുതുന്ന രീതിയുണ്ട് . അത് തകഴിയില് നിന്ന് ഭിന്നമായ സമയം കാണിക്കുന്നു.  രണ്ടിന്റെയും രാഷ്ട്രീയവും സാഹിത്യ- സാമൂഹിക  താല്പര്യങ്ങളും രണ്ടാണ് . സാഹിത്യ രചനയിലെ ഈ രണ്ടു ധാരകള്ക്കും അവയുടെ പ്രസക്തിയും ശക്തിയും ദൗര്ബല്യങ്ങളുമുണ്ട് .തകഴി , പൊരുത്തപ്പെടുന്ന പൊതുബോധങ്ങളില് നിന്ന് ഇടഞ്ഞു നില്ക്കുന്ന ജാതിമതാതീതമായ ജനാധിപത്യധാരണയുടെ മാനവികതയില് നിന്നുകൊണ്ടെഴുതുന്നു. പലപ്പോഴും ആദര്ശാത്മകമായ ആവിഷ്ക്കാരം (' കയറി ' ലെത്തുമ്പോള് തകഴി പാടേ മാറുന്നുണ്ട്. ) അതിന്റെ പരിമിതിയായിത്തീരുന്നു. ടി. കെ.സി വടുതല പൊതുബോധത്തില് നിന്ന് തന്നെ മാറി ദലിത്ബോധത്തിന്റെ ആദ്യചുവടുകളെ ആഖ്യാനത്തില് കൊണ്ടുവരുന്നു. ആദ്യശ്രമത്തിന്റെ  എല്ലാ പരിമിതികളേയും സാദ്ധ്യതകളേയും ടി. കെ. സി. വടുതല പില്ക്കാലത്ത്തിനു വിട്ടുകൊടുക്കുന്നു. സി. അയ്യപ്പനും ബിനു .എം. പള്ളിപ്പാടും വരെയുള്ളവര് ആ പില്ക്കാലത്തെ മറ്റൊരുതരത്തില് പൂരിപ്പിക്കുന്നു.

തകഴിയുടെ വഴി പിന്തുടര്ന്നുകൊണ്ടാണ് ശിവകുമാര് എഴുതുന്നത്‌ . അമ്പലപ്പുഴ ,തകഴി , കുട്ടനാട് തുടങ്ങിയ മണ്ണിടങ്ങളിലെ , തെങ്ങിടങ്ങളിലെ ആവാസവ്യവസ്ഥയിലൂടെയും സവിശേഷമായ മനുഷ്യാഭിമുഖീകരണത്തി ലൂടെയും കടന്നു പോന്ന ഒരു കവിയുടെ പ്രതികരണ- ചിത്രീകരണമായി കവിത മാറുന്നു. ആദ്യകാലതകഴിയില് എന്നപോലെ കവിതയിലെ കഥാപാത്രത്തിന്  ആദര്ശാത്മകമായ പരിവേഷം അറിഞ്ഞോ അറിയാതെയോ ചാര്ത്തിക്കൊടുക്കുന്നു എന്നതാണ് കവിതയുടെ പ്രധാന പരിമിതിയെന്നു പറയാം. എന്നാല് , കാവ്യഭാഷയുടെ തനിനാടന് ചേരുവയിലൂടെ കഥാപാത്രത്തിന്റെ ചലനങ്ങളെ പിടിച്ചെടുക്കുന്നതിലൂടെ ഈ പരിമിതിയെ മറികടക്കാന് ആയുന്ന കവിയെ കാണാം.  കവിതയിലെ കഥാപാത്രത്തിന്റെ വംശാവലി  ദേശത്തിന്റെ ചുറ്റുവട്ടങ്ങളില് നിന്നും വെട്ടങ്ങളില് നിന്നും പതുക്കെ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഒന്നാണ്. സാമൂഹികമായ അഭാവങ്ങളെ അയവെട്ടുന്ന കവിത പരിസരകവിതയുമാകുന്നു.  തെങ്ങിന്മണ്ടയില്  മുട്ടിമുഴക്കുന്ന താളത്തിന്റെ ഉറവുകളില് നിന്നും  നല്ല ഇളംകള്ളും  വിശിഷ്ടമായ അന്തിക്കള്ളും ഒഴുക്കിക്കൊണ്ടു വന്നിരുന്ന  സംസ്കാരത്തെക്കൂടി , നാട്ടുനര്മ്മത്തിന്റെ ഉറവടയാളങ്ങളെക്കൂടി കവിത ഓര്മ്മിപ്പിക്കുന്നു.  കൊതുമ്പുകള് കൂട്ടികെട്ടിയടുക്കിയെടുക്കുന്ന  ഒരുതരം കുട്ടനാടന്  പണിമിടുക്കുണ്ട് കവിതയില് .

ഈ കവിതയുടെ അടരുകളില്  ചൊരുകി വെച്ചിരിക്കുന്ന ചൊല് വടിവുകള് ഒ. എന് . വി കുറുപ്പിന്റെയും വി. മധുസൂദനന് നായരുടേയും കവിതകളിലെ ചെത്തിമിനുക്കിയെടുത്ത് സംഗീതവര്ണ്ണമടിച്ച ചൊല് വടിവല്ല. കവിയരങ്ങുകളില് കവിത ചൊല്ലുന്നവര് പരസ്പരം അനുകരിച്ചനുകരിച്ച് അവശമായിത്തീര്ന്ന ചൊല് വടിവല്ല.  കാസറ്റുകളില് വന്നിറങ്ങുന്ന ആഭരണങ്ങള് വാരിയണിഞ്ഞ  ചൊല് വടിവല്ല. യുവജനോല്സവങ്ങളിലെ കാവ്യപാരായണങ്ങളില് എടുത്തുകെട്ടിയെത്തുന്ന  ചൊല് വടിവല്ല. ചെളിയും കള്ളും തെങ്ങും കരിക്കും കരിമീനും കക്കയിറച്ചിയും താരാവിറച്ചിയും മണക്കുന്ന , ടൂറിസത്തിന്റെ പെരുക്കങ്ങള്ക്കും മുന്പുള്ള  , അടിമമണ്ണിനടിയില് കിടന്നു വിളഞ്ഞിരുന്ന നാടന് ഭാഷയുടെ പരുക്കുകളും പതറിച്ചകളും ചൂരും ചുണയും കവിതയില് ചികഞ്ഞിട്ടുകൊണ്ട് സ്ഥിരം ചൊല് വടിവുകളില് നിന്നും കവിതയെ രക്ഷപ്പെടുത്താല് ആഗ്രഹിക്കുന്ന കവി കവിതയില്  ചെറഞ്ഞുനോക്കുന്നു . കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടന് പാട്ടുസംഘങ്ങള് രൂപപ്പെടുത്തിയ പാട്ടുചൊല്ലലിന്റെ  നിലവാരസൂചികയില് നിന്ന്  അകലം പാലിക്കുന്ന വിപരീതമായ ചൊല് വടിവ് കവിതയില് കായല് കടവിലെന്ന മാതിരി തിരയടിക്കുന്നു. കാവാലം വിശ്വനാഥക്കുറുപ്പ് സമാഹരിച്ച കുട്ടനാട്ടിലെ നാടന് പാട്ടുകളുടെ സമാഹാരത്തില് ചിടകെട്ടിപ്പറയുന്ന നാടന് വായ്ത്താരികളുണ്ട് . അത്തരം വായ്ത്താരികളുടെ പാരമ്പര്യമാണ് ശിവകുമാറിന്റെ കവിതയിലുള്ളത്‌ . നാടന് പാട്ടിന്റെ ഈണമല്ല,  നാടന്പാട്ടിലെ തന്നെ താളച്ചുറുക്കുള്ള പറച്ചില് വഴിയിലൂടെയാണ് കവിതയുടെ സഞ്ചാരം.

'കല്പവൃക്ഷം ' പോലെ ഇസ്തിരിയിട്ട പ്രയോഗങ്ങള്  കവിതയില് കല്ലുകടിയായി അനുഭവപ്പെട്ടാലും കവിതയിലെ 'ദേശഭാഷ ' യെ കാവ്യവിഷയത്തോട് ചേറിച്ചേര്ക്കാന് ശിവകുമാറിന് ഏറെക്കുറെ കഴിഞ്ഞിരിക്കുന്നു. കേരവൃക്ഷവും കല്പ്പവൃക്ഷവുമല്ല  തെങ്ങ് തെങ്ങു തന്നെയാണ് , നാളികേരമല്ല തേങ്ങ തേങ്ങ തന്നെയാണ് എന്ന് നിരന്തരം ഏറ്റുപറയുന്ന അലങ്കാരങ്ങളില്ലാത്ത അലയാണ് കുട്ടനാടന് നാട്ടുമൊഴിവഴക്കം മാത്രമല്ല ഏതു നാട്ടുമൊഴിവഴക്കവും . ശിവകുമാറിന്റെ കവിതയില്  നാട്ടുമൊഴിവഴക്കത്തെ ഇനിയും സൂക്ഷ്മമാക്കുകയാണെങ്കില്  കവിത ഇനിയും ഈടുനില്ക്കുന്ന തനിമയായിത്തീരും എന്ന വിചാരം കൂടി പങ്കുവെച്ചുകൊണ്ട്  നിര്ത്താമെന്നു  തോന്നുന്നു. 


പരമ(വ)സ്തവം
      -ശിവകുമാര് അമ്പലപ്പുഴ

കാലില്‍ കൊരുക്കും തളപ്പിന്റെ സത്യം
കൂരയില്‍ കാക്കും കുടുംബം കുരുത്തം
തൊട്ടേവണങ്ങും കപിത്വം കവിത്വം
ചുറ്റിപ്പിടിക്കും തടിക്കുളള തത്വം
ആക്കത്തിലാലോലമാടിയുലയുമ്പൊഴും
ആകായമല്ലേ ഈ കായസ്വത്വം
ആറുയിര്‍ മൂച്ചില്‍ മുറുകെപ്പിടിച്ചേ
മാറോട് കെട്ടിപ്പിടിച്ചേ കയറ്റം
പൊലരുമ്പഴേറി വൈകുമ്പാടെറങ്ങും
ആതിച്ചനല്ലേ കാണ്മോനിതെല്ലാം
ആ സത്തിയത്തെയുളളാലെ നമ്പി
ആദ്യം കൊയ്തത് കെഴക്കോട്ടെറിഞ്ഞും
മൂത്തുളള മൂത്താരെ മൂട്ടില്‍ കിഴുക്കി
തെക്കോട്ട് കണ്‍മൂടി നോക്കാതെറിഞ്ഞും
കുലുങ്ങാതിളത്തുളള കുരുവാം കരിക്കിനെ
പരുവത്തിനൊത്തേ പടിഞ്ഞാട്ടെറിഞ്ഞും
കൊട്ടിനോക്കിക്കണ്ട വെടലയും പേടും
കൊട്ടയും നേരേ വടക്കോട്ടെറിഞ്ഞേ
ചൂലിന്ന് വേണ്ടതും ചൂട്ടുതുഞ്ചാണീം
പട്ടക്കൊതുമ്പും പതറ്റുന്ന പിശിറും
കോതേണ്ട മുടികളെ കോതിത്തെളിച്ചും
കൊമ്പുളള ചെല്ലിയെ കൊന്നേ കൊഴിച്ചും
ചെല്ലക്കിളിക്കുഞ്ഞ് ചേക്കുന്ന പോടും
തെല്ലുമേ ഞെട്ടാതെ കാക്കുന്ന പാടും
ഉഴിഞ്ഞേ വണങ്ങി ഊര്‍ന്നേയിറക്കം
ഉരയുന്ന ചങ്കിലാണുയിരിന്റെയൂറ്റം
പിണയുന്ന കൈകളില്‍ കാരത്തഴമ്പും
കടയുന്ന കാല്‍കളില്‍ കാണാച്ചെതുക്കും
അറിയാതെ തടിമേല്‍ മുത്തുന്ന മുഖവും
ചേലൊത്ത മാറില്‍ ചെതുമ്പല്‍ച്ചുണങ്ങും
കച്ചത്തുവർത്തും കരിന്തുടക്കാമ്പും
കാലത്ത് കനലോ൯ അന്തിക്ക് ചന്ദ്ര൯ കീഴാളജന്മത്തില്‍ മേലാളുവോനേ
വാഴ്വിന്റെ വാസ്തവമിറക്കം കയറ്റം

ചൊട്ടയ്ക്ക് ചൊൽവഴി തെളിച്ചും കാമ്പി൯
ഞെട്ടയ്ക്ക്‌ മാടിക്കൊടുത്തും വളര്‍ത്തും
ഒറ്റയ്ക്ക് മേലേയിരിക്കുന്ന ലോകത്ത്‌
കണ്ടതൊന്നും താഴെ മിണ്ടാതിരുന്നും
താഴത്ത്‌ മണ്ണില്‍ താനായിറങ്ങും
നേരുറ്റ പരമനെ തെങ്ങും വണങ്ങും
തോപ്പായ തോപ്പുകളൊടുങ്ങിയാല്‍ പരമ൯
തോല്‍ക്കാതെ മാനത്ത്‌ ചേക്കേറുമല്ലോ

പരമനില്‍ത്തന്നെ തുടങ്ങുന്നു ലോകം
പരമനില്‍ത്തന്നെ ഒടുങ്ങുന്നു ലോകം
പണ്ടാരാണ്ടോ പറഞ്ഞതല്ലല്ലോ
പണ്ടാരടങ്ങാന്‍ ഡാര്‍വിന്‍ പറഞ്ഞോ
പരിണാമതത്വം പറഞ്ഞോണ്ടിരുന്നാല്‍
കൊല വാടിവീണതേ തമ്പ്രാന് കിട്ടൂ
പരമനാം പരവന്‍ കേറിയില്ലെങ്കില്‍
പരമാർത്ഥസത്യം പറിക്കുന്നതാര്

പരമനിൽത്തന്നെ തുടങ്ങുന്നിതാദി പരമനിൽത്തന്നെ ഒടുങ്ങുന്നു ജാതി
പെണ്ണൊരുത്തിക്കായ് കന്നിപാപക്കനി
പറിച്ചുപങ്കിട്ടാദിപരമ൯ പടച്ചതീ
കൊത്തുവാളേന്തും പരമപ്പരമ്പര
ചെത്തുചെത്താ൯ മരംകേറിപ്പരമ്പര
അരയിലെക്കന്നാസിലാകാശഗംഗയും
കൂട്ടിലൊരു തേറും കുടുക്കയിൽ ചേറും
മൂലത്തില്‍ നിന്നേ കൊട്ടിക്കയറ്റി
തുഞ്ചത്ത് കൂമ്പിലേയ്ക്കൂറ്റും മരാമൃതം

മാനത്തിരിപ്പിടം പരമന്ന് സ്വന്തം
മഞ്ചത്തിനായ്‌ മാവ്‌ വെട്ടുവതുമവനേ
കണ്ണെഴാമേലേയിരിപ്പവന്‍ പരമ൯
കല്പവൃക്ഷത്തിന്ന് വേറാര് കാന്തന്‍
തോപ്പായ തോപ്പുകളൊടുങ്ങിയാല്‍ പരമ൯
തോല്‍ക്കില്ല മാനത്ത്‌ ചേക്കേറുമല്ലോ

No comments:

Post a Comment