Thursday, February 19, 2015

കിംഗ്‌ ജോണ്‍സിന്റെ കവിത

എന്റെ സ്വപ്നത്തില് ചില കവികളുണ്ട് . ആ കവികള് എഴുത്തച്ഛനെ വായിച്ചിട്ടില്ല. പകരം പടിഞ്ഞാറും കിഴക്കും വടക്കും തെക്കുമുള്ള ലോകസംഗീതം കേള്ക്കുന്നു. സംഗീത ബാന്റുകളേയും ഗായകരേയും കേള്ക്കുന്നു. ആ കവികള് കുമാരനാശാനേയും വള്ളത്തോളിനേയും വായിച്ചിട്ടില്ല. പകരം എല്ലാ പോപ്പുലര്  സിനിമകളും കാണുന്നു. ആ കവികള് വൈലോപ്പിള്ളിയേയും ഇടശ്ശേരിയേയും വായിച്ചിട്ടില്ല. പകരം ഫിലിം ഫെസ്റ്റിവലുകളില്  അലഞ്ഞു തിരിയുന്നു. ആ കവികള് ആറ്റൂര്  രവിവര്മ്മയേയും ശങ്കരപ്പിള്ളയേയും സച്ചിദാനന്ദനേയും ബാലചന്ദ്രന് ചുള്ളിക്കാടിനേയും വായിച്ചിട്ടില്ല . പകരം ബിനാലെകളില് മുഴുകുന്നു. ആ കവികള് തൊണ്ണൂറുകളിലെ കവികളെ വായിച്ചിട്ടില്ല . പകരം പെര്ഫോമിംഗ്പോയട്രിയെക്കുറിച്ചും സൈബര് കണ്ണാടിക്കയങ്ങളില് നിന്നും വിചിത്ര ഭാഷയെ എങ്ങനെ കണ്ടെത്താമെന്നും  ആലോചിക്കുന്നു.

എന്റെ സ്വപ്നത്തിലെ കവികളെ ഞാന്  കണ്ടുമുട്ടിയിട്ടേയില്ല . കിംഗ്‌ ജോണ്സ്  എന്റെ സ്വപ്നത്തിലെ കവിയുമല്ല. എന്നാല് അയാള് എഴുതുന്ന ചില വരികള് , വരികളിലെ കാഴ്ച പതിക്കുന്ന ചില ഇടങ്ങള് എന്റെ സ്വപ്നത്തിലെ കവികള് എഴുതാനിടയുള്ള വരികളുടെ , കാഴ്ചകളുടെ വിദൂരസാമ്യങ്ങളെ അല്പമായെങ്കിലും മുന്നില് കൊണ്ടു വരുന്നു. കവിതയല്ലെന്നു തോന്നിപ്പിച്ചുകൊണ്ട്‌ പരാജയപ്പെടുന്ന കിംഗ്‌ ജോണ്‍സിന്റെ കവിതകള് ,  വലിയ വിജയങ്ങള് നിരന്തരം ആവര്ത്തിക്കുന്ന 'മികച്ച കവിത' കളേക്കാള് സമീപഭാവിയില് മലയാളകവിതയില്  ഇനിയും  സംഭവിക്കാനിടയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകള് നല്ക്കുന്നു. പലപ്പോഴും മടുപ്പിക്കുന്ന എകതാനതയുടെ എഴുത്തുകുഴികളില്  വീണുപോകുന്നുണ്ടെങ്കിലും കാവ്യവാഹനത്തിന്റെ പോക്ക്  ഒരുപ്പോക്ക്പോക്കാണ് . തലതെറിച്ച പോക്ക് . സദാചാരകൃത്യത , രാഷ്ട്രീയകൃത്യത , കവിതയെഴുത്തിലെ കൃത്യത , കവിതയെ കവിതയാക്കാനുള്ള ശ്രമത്തിലെ കൃത്യത ...........ഈവിധമുള്ള ഒരുതരം ക്രുത്യതയുമില്ലാതെ കവിത ഇങ്ങനെയുമകാമെന്ന് ' ഒരുപ്പോക്ക്പോകുന്നപോക്കില് ' എടുത്തുകാട്ടുന്നു. സ്ത്രീവിരുദ്ധമാകുമെന്നോ ധാര്മ്മികയുക്തികള്ക്ക് വിരുദ്ധമാകുമെന്നൊ പേടിച്ചുവിറച്ചു കൊണ്ടല്ല കിംഗ്‌ ജോണ്സ് കവിതയെഴുതന്നതെന്ന് കവിതകളില് നിന്നും മനസ്സിലാക്കാം.  കാരണം , അയാളുടെ കവിതയില് അയാളില്ല. ഒരു മസ്സില്പിടുത്തവുമില്ലാതെ അധോലോകങ്ങളിലേക്ക് അയാള് കവിതയെ തുറന്നിട്ടിരിക്കുന്നു. തിളങ്ങുന്നതിനും വാഴ്ത്ത്തപ്പെട്ടതിനും സുഗന്ധം പൂശിയതിനുമെല്ലാം അടിത്തട്ടില് അളിഞ്ഞഴുകിപ്പുഴുത്തു കിടക്കുന്നതെല്ലാം  അയാളുടെ കവിതയിലേക്ക് അടിച്ചു കേറുന്നു . അയാള് അതില് പ്രതിയല്ല.  പുറമേ , ഇസ്തിരിയിട്ട  പകല്മാന്യതയും രഹസ്യമായി കുട്ടികളോടും സ്ത്രീകളോടും ജനാധിപത്യപ്രയോഗങ്ങള് തിരിഞ്ഞു നോക്കാത്ത മനുഷ്യരോടും മണ്ണിനോടും മരങ്ങളോടും സര് വ്വ അനീതികളും കാണിക്കുന്ന ഒരുവന്  , ഭിന്നലൈംഗികതയെന്നും ട്രാന്സ് ജെന്ടര് എന്നും കേട്ടാല് അറപ്പോടെ മുഖം തിരിച്ച് , സൂര്യനുദിക്കാത്ത പാതിരാനേരങ്ങളില് അറപ്പുളവാക്കുന്ന സര് വ്വ വൃത്ത്തികേടുകളുടെയും വിളനിലമായി മാറുന്ന ഒരുവന് , ബസ്സിലും തീവണ്ടിയിലും സ്കൂളിലും കോളേജിലും സര് വ്വ കലാശാലകളിലും അധികാരത്തിന്റെ ഇടനാഴികളിലും  പുണ്യവാളനായി  പ്രത്യക്ഷപ്പെടുകയും തരം കിട്ടിയാല് കൈകള് കൊണ്ടും കണ്ണു കൊണ്ടും കാലു കൊണ്ടും മനസ്സു കൊണ്ടും ചെകുത്താനായി അഴിഞാടുകയും ചെയ്യുന്ന  ഒരുവന്  , കളെളന്നോ കഞ്ചാവെന്നൊ കേട്ടാല് ചെവിപൊത്തി വിശുദ്ധനായി ഞെളിയുന്ന ,  അധികാരമെന്നും അഴിമതിയെന്നും പേരുള്ള മയക്കുമരുന്ന് കഴിച്ച് ലഹരിപിടിക്കുന്ന , സന്മാര്ഗവാദിയായ ഒരുവന് ,  തന്റെ രഹസ്യ ജീവിതത്തിലെ 'അവനെ ' കവിതയില്  കണ്ട് കിംഗ്‌  ജോണ്സാണെന്ന് ആരോപിച്ച് , അയാളെ പ്രതിക്കൂട്ടില് നിരത്തി സ്വയം രക്ഷപ്പെട്ടേക്കാം . കവിത എങ്ങനെ വായിക്കണമെന്നു പഠിപ്പിക്കാന്  തല്ക്കാലം  ദുര്ഗുണപരിഹാര പാഠശാലകളിലേക്ക് ' അവനെ ' പറഞ്ഞു വിടാം.  ലോകം നന്നാക്കാനിറങ്ങിയിരിക്കുന്ന  സാമൂഹിക ചിന്തകരും സാംസ്കാരിക നായകരും ആള്ദൈവങ്ങളും മതവാദികളും സ്ത്രീപക്ഷചിന്തകരും സിവില്സമൂഹ വിദഗ്ദ്ധന്മാരും പറയുന്നിടത്തല്ല , മറ്റൊരിടത്താണ് ലോകം തെറ്റിപ്പോകുന്നതെന്ന് കിംഗ്‌ ജോണ്‍സിന്റെ കവിതകള് അടിവരയിടുന്നു. ഉള്ളൂര് എസ് . പരമേശ്വരയ്യര്  അടക്കമുള്ള സാഹിത്യചരിത്ര  രചയിതാക്കളും കാവ്യപാരമ്പര്യം വായിച്ചു പഠിക്കൂ എന്നുപദേശിക്കുന്ന കാവ്യഗുരുക്കന്മാരും പറയുന്ന എഴുത്തച്ഛന്  മുതലാരംഭിക്കുന്ന ' മഹാ പാരമ്പര്യ ' മല്ല , ഇനിയും  രേഖപ്പെടുത്തേണ്ടതും കണ്ടെടുക്കേണ്ടതുമായ , പലകാരണങ്ങളാല് മറയത്താക്കപ്പെട്ട മലയാളകവിതയുടെ അഴകും വൃത്തിയും കൃത്യതയുമില്ലാത്ത സമാന്തരചരിത്രത്തിന്റെ പിന്തുടര്ച്ചയാണ് കിംഗ്‌ ജോണ്‍സിന്റെ കവിതയും. കിംഗ്‌ ജോണ്സ്  കവിതയില്  തുടരുമോ എന്നെനിക്കറിയില്ല. തുടരുകയാണെങ്കില് സ്തുതിവചനങ്ങളില് കുരുങ്ങിപ്പോകാതെ , സ്വയം വിമര്ശനത്തിന്റേയും സൂക്ഷ്മതയുടേയും സാദ്ധ്യതകളുടേയും വൈവിധ്യപ്രകാശനങ്ങളിലേക്ക് എഴുത്തു രീതിയെ  വികസിപ്പിക്കണമെന്ന്  ഒരു ചെറിയ വായനക്കാരനായി  തനിച്ചു നിന്നു കൊണ്ട് വിനയപൂര്വ്വം ഞാന്  ആഗ്രഹിക്കുന്നു. അങ്ങനെ ആഗ്രഹിക്കുന്നത് ശരിയല്ലെന്നു വരാം.  പക്ഷേ , സ്വയം അനുകരിച്ചനുകരിച്ച് ഒടുങ്ങിപ്പോയ കവികളുടെ ചരിതം അങ്ങനെ ആഗ്രഹിക്കാന്  എന്നെ പ്രേരിപ്പിക്കുന്നു.

No comments:

Post a Comment