Thursday, February 19, 2015

ശിവകുമാര് അമ്പലപ്പുഴയുടെ കവിത

ദേശചലച്ചിത്രത്തില് നിന്നുള്ള ഒരു സീനാണ് ശിവകുമാര് അമ്പലപ്പുഴയുടെ ' പരമ(വ)സ്തവം    '  . ചിത്രീകരിച്ച കാഴ്ചയെ മുന്നില് തന്നു കൊണ്ട് ബാക്ക്ഗ്രൌണ്ട് സ്കോറായിത്തീരുന്ന കവിത. തകഴി ശിവശങ്കരപ്പിള്ള അടിത്തട്ടിലെ മനുഷ്യരെ ചിത്രീകരിച്ച എഴുത്തുകാരനാണ്‌ . ആ ചിത്രീകരണത്തിന്റെ പരിമിതികളും പ്രത്യേകതകളും തകഴിയുടെ കൃതികളിലുണ്ട്. ടി. കെ. സി വടുതലയുടെ കൃതികളിലാകട്ടെ , അടിത്തട്ടില് താന് കൂടി നേരിട്ടതിനെ തിരുത്ത്തിയെടുക്കാന് ആലോചിച്ചുകൊണ്ട്‌ തീര്ച്ചകളോടെ എഴുതുന്ന രീതിയുണ്ട് . അത് തകഴിയില് നിന്ന് ഭിന്നമായ സമയം കാണിക്കുന്നു.  രണ്ടിന്റെയും രാഷ്ട്രീയവും സാഹിത്യ- സാമൂഹിക  താല്പര്യങ്ങളും രണ്ടാണ് . സാഹിത്യ രചനയിലെ ഈ രണ്ടു ധാരകള്ക്കും അവയുടെ പ്രസക്തിയും ശക്തിയും ദൗര്ബല്യങ്ങളുമുണ്ട് .തകഴി , പൊരുത്തപ്പെടുന്ന പൊതുബോധങ്ങളില് നിന്ന് ഇടഞ്ഞു നില്ക്കുന്ന ജാതിമതാതീതമായ ജനാധിപത്യധാരണയുടെ മാനവികതയില് നിന്നുകൊണ്ടെഴുതുന്നു. പലപ്പോഴും ആദര്ശാത്മകമായ ആവിഷ്ക്കാരം (' കയറി ' ലെത്തുമ്പോള് തകഴി പാടേ മാറുന്നുണ്ട്. ) അതിന്റെ പരിമിതിയായിത്തീരുന്നു. ടി. കെ.സി വടുതല പൊതുബോധത്തില് നിന്ന് തന്നെ മാറി ദലിത്ബോധത്തിന്റെ ആദ്യചുവടുകളെ ആഖ്യാനത്തില് കൊണ്ടുവരുന്നു. ആദ്യശ്രമത്തിന്റെ  എല്ലാ പരിമിതികളേയും സാദ്ധ്യതകളേയും ടി. കെ. സി. വടുതല പില്ക്കാലത്ത്തിനു വിട്ടുകൊടുക്കുന്നു. സി. അയ്യപ്പനും ബിനു .എം. പള്ളിപ്പാടും വരെയുള്ളവര് ആ പില്ക്കാലത്തെ മറ്റൊരുതരത്തില് പൂരിപ്പിക്കുന്നു.

തകഴിയുടെ വഴി പിന്തുടര്ന്നുകൊണ്ടാണ് ശിവകുമാര് എഴുതുന്നത്‌ . അമ്പലപ്പുഴ ,തകഴി , കുട്ടനാട് തുടങ്ങിയ മണ്ണിടങ്ങളിലെ , തെങ്ങിടങ്ങളിലെ ആവാസവ്യവസ്ഥയിലൂടെയും സവിശേഷമായ മനുഷ്യാഭിമുഖീകരണത്തി ലൂടെയും കടന്നു പോന്ന ഒരു കവിയുടെ പ്രതികരണ- ചിത്രീകരണമായി കവിത മാറുന്നു. ആദ്യകാലതകഴിയില് എന്നപോലെ കവിതയിലെ കഥാപാത്രത്തിന്  ആദര്ശാത്മകമായ പരിവേഷം അറിഞ്ഞോ അറിയാതെയോ ചാര്ത്തിക്കൊടുക്കുന്നു എന്നതാണ് കവിതയുടെ പ്രധാന പരിമിതിയെന്നു പറയാം. എന്നാല് , കാവ്യഭാഷയുടെ തനിനാടന് ചേരുവയിലൂടെ കഥാപാത്രത്തിന്റെ ചലനങ്ങളെ പിടിച്ചെടുക്കുന്നതിലൂടെ ഈ പരിമിതിയെ മറികടക്കാന് ആയുന്ന കവിയെ കാണാം.  കവിതയിലെ കഥാപാത്രത്തിന്റെ വംശാവലി  ദേശത്തിന്റെ ചുറ്റുവട്ടങ്ങളില് നിന്നും വെട്ടങ്ങളില് നിന്നും പതുക്കെ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഒന്നാണ്. സാമൂഹികമായ അഭാവങ്ങളെ അയവെട്ടുന്ന കവിത പരിസരകവിതയുമാകുന്നു.  തെങ്ങിന്മണ്ടയില്  മുട്ടിമുഴക്കുന്ന താളത്തിന്റെ ഉറവുകളില് നിന്നും  നല്ല ഇളംകള്ളും  വിശിഷ്ടമായ അന്തിക്കള്ളും ഒഴുക്കിക്കൊണ്ടു വന്നിരുന്ന  സംസ്കാരത്തെക്കൂടി , നാട്ടുനര്മ്മത്തിന്റെ ഉറവടയാളങ്ങളെക്കൂടി കവിത ഓര്മ്മിപ്പിക്കുന്നു.  കൊതുമ്പുകള് കൂട്ടികെട്ടിയടുക്കിയെടുക്കുന്ന  ഒരുതരം കുട്ടനാടന്  പണിമിടുക്കുണ്ട് കവിതയില് .

ഈ കവിതയുടെ അടരുകളില്  ചൊരുകി വെച്ചിരിക്കുന്ന ചൊല് വടിവുകള് ഒ. എന് . വി കുറുപ്പിന്റെയും വി. മധുസൂദനന് നായരുടേയും കവിതകളിലെ ചെത്തിമിനുക്കിയെടുത്ത് സംഗീതവര്ണ്ണമടിച്ച ചൊല് വടിവല്ല. കവിയരങ്ങുകളില് കവിത ചൊല്ലുന്നവര് പരസ്പരം അനുകരിച്ചനുകരിച്ച് അവശമായിത്തീര്ന്ന ചൊല് വടിവല്ല.  കാസറ്റുകളില് വന്നിറങ്ങുന്ന ആഭരണങ്ങള് വാരിയണിഞ്ഞ  ചൊല് വടിവല്ല. യുവജനോല്സവങ്ങളിലെ കാവ്യപാരായണങ്ങളില് എടുത്തുകെട്ടിയെത്തുന്ന  ചൊല് വടിവല്ല. ചെളിയും കള്ളും തെങ്ങും കരിക്കും കരിമീനും കക്കയിറച്ചിയും താരാവിറച്ചിയും മണക്കുന്ന , ടൂറിസത്തിന്റെ പെരുക്കങ്ങള്ക്കും മുന്പുള്ള  , അടിമമണ്ണിനടിയില് കിടന്നു വിളഞ്ഞിരുന്ന നാടന് ഭാഷയുടെ പരുക്കുകളും പതറിച്ചകളും ചൂരും ചുണയും കവിതയില് ചികഞ്ഞിട്ടുകൊണ്ട് സ്ഥിരം ചൊല് വടിവുകളില് നിന്നും കവിതയെ രക്ഷപ്പെടുത്താല് ആഗ്രഹിക്കുന്ന കവി കവിതയില്  ചെറഞ്ഞുനോക്കുന്നു . കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടന് പാട്ടുസംഘങ്ങള് രൂപപ്പെടുത്തിയ പാട്ടുചൊല്ലലിന്റെ  നിലവാരസൂചികയില് നിന്ന്  അകലം പാലിക്കുന്ന വിപരീതമായ ചൊല് വടിവ് കവിതയില് കായല് കടവിലെന്ന മാതിരി തിരയടിക്കുന്നു. കാവാലം വിശ്വനാഥക്കുറുപ്പ് സമാഹരിച്ച കുട്ടനാട്ടിലെ നാടന് പാട്ടുകളുടെ സമാഹാരത്തില് ചിടകെട്ടിപ്പറയുന്ന നാടന് വായ്ത്താരികളുണ്ട് . അത്തരം വായ്ത്താരികളുടെ പാരമ്പര്യമാണ് ശിവകുമാറിന്റെ കവിതയിലുള്ളത്‌ . നാടന് പാട്ടിന്റെ ഈണമല്ല,  നാടന്പാട്ടിലെ തന്നെ താളച്ചുറുക്കുള്ള പറച്ചില് വഴിയിലൂടെയാണ് കവിതയുടെ സഞ്ചാരം.

'കല്പവൃക്ഷം ' പോലെ ഇസ്തിരിയിട്ട പ്രയോഗങ്ങള്  കവിതയില് കല്ലുകടിയായി അനുഭവപ്പെട്ടാലും കവിതയിലെ 'ദേശഭാഷ ' യെ കാവ്യവിഷയത്തോട് ചേറിച്ചേര്ക്കാന് ശിവകുമാറിന് ഏറെക്കുറെ കഴിഞ്ഞിരിക്കുന്നു. കേരവൃക്ഷവും കല്പ്പവൃക്ഷവുമല്ല  തെങ്ങ് തെങ്ങു തന്നെയാണ് , നാളികേരമല്ല തേങ്ങ തേങ്ങ തന്നെയാണ് എന്ന് നിരന്തരം ഏറ്റുപറയുന്ന അലങ്കാരങ്ങളില്ലാത്ത അലയാണ് കുട്ടനാടന് നാട്ടുമൊഴിവഴക്കം മാത്രമല്ല ഏതു നാട്ടുമൊഴിവഴക്കവും . ശിവകുമാറിന്റെ കവിതയില്  നാട്ടുമൊഴിവഴക്കത്തെ ഇനിയും സൂക്ഷ്മമാക്കുകയാണെങ്കില്  കവിത ഇനിയും ഈടുനില്ക്കുന്ന തനിമയായിത്തീരും എന്ന വിചാരം കൂടി പങ്കുവെച്ചുകൊണ്ട്  നിര്ത്താമെന്നു  തോന്നുന്നു. 


പരമ(വ)സ്തവം
      -ശിവകുമാര് അമ്പലപ്പുഴ

കാലില്‍ കൊരുക്കും തളപ്പിന്റെ സത്യം
കൂരയില്‍ കാക്കും കുടുംബം കുരുത്തം
തൊട്ടേവണങ്ങും കപിത്വം കവിത്വം
ചുറ്റിപ്പിടിക്കും തടിക്കുളള തത്വം
ആക്കത്തിലാലോലമാടിയുലയുമ്പൊഴും
ആകായമല്ലേ ഈ കായസ്വത്വം
ആറുയിര്‍ മൂച്ചില്‍ മുറുകെപ്പിടിച്ചേ
മാറോട് കെട്ടിപ്പിടിച്ചേ കയറ്റം
പൊലരുമ്പഴേറി വൈകുമ്പാടെറങ്ങും
ആതിച്ചനല്ലേ കാണ്മോനിതെല്ലാം
ആ സത്തിയത്തെയുളളാലെ നമ്പി
ആദ്യം കൊയ്തത് കെഴക്കോട്ടെറിഞ്ഞും
മൂത്തുളള മൂത്താരെ മൂട്ടില്‍ കിഴുക്കി
തെക്കോട്ട് കണ്‍മൂടി നോക്കാതെറിഞ്ഞും
കുലുങ്ങാതിളത്തുളള കുരുവാം കരിക്കിനെ
പരുവത്തിനൊത്തേ പടിഞ്ഞാട്ടെറിഞ്ഞും
കൊട്ടിനോക്കിക്കണ്ട വെടലയും പേടും
കൊട്ടയും നേരേ വടക്കോട്ടെറിഞ്ഞേ
ചൂലിന്ന് വേണ്ടതും ചൂട്ടുതുഞ്ചാണീം
പട്ടക്കൊതുമ്പും പതറ്റുന്ന പിശിറും
കോതേണ്ട മുടികളെ കോതിത്തെളിച്ചും
കൊമ്പുളള ചെല്ലിയെ കൊന്നേ കൊഴിച്ചും
ചെല്ലക്കിളിക്കുഞ്ഞ് ചേക്കുന്ന പോടും
തെല്ലുമേ ഞെട്ടാതെ കാക്കുന്ന പാടും
ഉഴിഞ്ഞേ വണങ്ങി ഊര്‍ന്നേയിറക്കം
ഉരയുന്ന ചങ്കിലാണുയിരിന്റെയൂറ്റം
പിണയുന്ന കൈകളില്‍ കാരത്തഴമ്പും
കടയുന്ന കാല്‍കളില്‍ കാണാച്ചെതുക്കും
അറിയാതെ തടിമേല്‍ മുത്തുന്ന മുഖവും
ചേലൊത്ത മാറില്‍ ചെതുമ്പല്‍ച്ചുണങ്ങും
കച്ചത്തുവർത്തും കരിന്തുടക്കാമ്പും
കാലത്ത് കനലോ൯ അന്തിക്ക് ചന്ദ്ര൯ കീഴാളജന്മത്തില്‍ മേലാളുവോനേ
വാഴ്വിന്റെ വാസ്തവമിറക്കം കയറ്റം

ചൊട്ടയ്ക്ക് ചൊൽവഴി തെളിച്ചും കാമ്പി൯
ഞെട്ടയ്ക്ക്‌ മാടിക്കൊടുത്തും വളര്‍ത്തും
ഒറ്റയ്ക്ക് മേലേയിരിക്കുന്ന ലോകത്ത്‌
കണ്ടതൊന്നും താഴെ മിണ്ടാതിരുന്നും
താഴത്ത്‌ മണ്ണില്‍ താനായിറങ്ങും
നേരുറ്റ പരമനെ തെങ്ങും വണങ്ങും
തോപ്പായ തോപ്പുകളൊടുങ്ങിയാല്‍ പരമ൯
തോല്‍ക്കാതെ മാനത്ത്‌ ചേക്കേറുമല്ലോ

പരമനില്‍ത്തന്നെ തുടങ്ങുന്നു ലോകം
പരമനില്‍ത്തന്നെ ഒടുങ്ങുന്നു ലോകം
പണ്ടാരാണ്ടോ പറഞ്ഞതല്ലല്ലോ
പണ്ടാരടങ്ങാന്‍ ഡാര്‍വിന്‍ പറഞ്ഞോ
പരിണാമതത്വം പറഞ്ഞോണ്ടിരുന്നാല്‍
കൊല വാടിവീണതേ തമ്പ്രാന് കിട്ടൂ
പരമനാം പരവന്‍ കേറിയില്ലെങ്കില്‍
പരമാർത്ഥസത്യം പറിക്കുന്നതാര്

പരമനിൽത്തന്നെ തുടങ്ങുന്നിതാദി പരമനിൽത്തന്നെ ഒടുങ്ങുന്നു ജാതി
പെണ്ണൊരുത്തിക്കായ് കന്നിപാപക്കനി
പറിച്ചുപങ്കിട്ടാദിപരമ൯ പടച്ചതീ
കൊത്തുവാളേന്തും പരമപ്പരമ്പര
ചെത്തുചെത്താ൯ മരംകേറിപ്പരമ്പര
അരയിലെക്കന്നാസിലാകാശഗംഗയും
കൂട്ടിലൊരു തേറും കുടുക്കയിൽ ചേറും
മൂലത്തില്‍ നിന്നേ കൊട്ടിക്കയറ്റി
തുഞ്ചത്ത് കൂമ്പിലേയ്ക്കൂറ്റും മരാമൃതം

മാനത്തിരിപ്പിടം പരമന്ന് സ്വന്തം
മഞ്ചത്തിനായ്‌ മാവ്‌ വെട്ടുവതുമവനേ
കണ്ണെഴാമേലേയിരിപ്പവന്‍ പരമ൯
കല്പവൃക്ഷത്തിന്ന് വേറാര് കാന്തന്‍
തോപ്പായ തോപ്പുകളൊടുങ്ങിയാല്‍ പരമ൯
തോല്‍ക്കില്ല മാനത്ത്‌ ചേക്കേറുമല്ലോ

പി.എന് . ഗോപികൃഷ്ണന്റെ കവിത

നിരവധി മികച്ച വായനക്കാരാല് പ്രകീര്ത്തിക്കപ്പെടുംപോഴും എഴുതുന്ന ഓരോ പുതിയ കവിതയിലും മരിച്ചു വീഴുന്ന കവികളായാണ് സച്ചിദാനന്ദനേയും കെ.ജി .ശങ്കരപ്പിള്ളയേയും ഞാന് കാണുന്നത് . അവരുടെ ഇരുവരുടെയും ' എക്സ് ററ ന്ഷന് ' ആയി പി.എ ന്. ഗോപീകൃഷ്ണനേയും കാണുന്നു. ഈ  'എക്സ് റ്റ നന്ഷനെ ' അയാളുടെ കവിതയുടെ സവിശേഷതയായും മഹത്വമായുംഎടുത്തു കാട്ടുന്നവരായിരിക്കും ബഹുഭൂരിപക്ഷം വായനക്കാരും. കവിതാപാരമ്പര്യത്തിന്റെയും മുന്പേ പോയ എതെങ്കിലുമൊക്കെ കവികളുടേയും  പിന്തുടര്ച്ചകളായിരിക്കും ഏതു കവിയും എന്ന വാദമുയര്ത്തി അവര്ക്ക് ഈ  'എക്സ് റ്റ നന്ഷനെ ' സാധൂകരിക്കുകയും ചെയ്യാം. മാത്രമല്ല ഇതൊക്കെ വെറും സാമാന്യ പ്രസ്താവനകളാണ് എന്ന മട്ടില് തള്ളിക്കളഞ്ഞുകൊണ്ട് മലയാള കവിതാപാരമ്പര്യത്തെക്കുറിച്ച് അഗാധമായ അറിവുള്ളവര്ക്കും കാവ്യസൈദ്ധാന്തികര്ക്കും അക്കാദമിക് പണ്ഡിതന്മാര്ക്കും എന്റെ അഭിപ്രായത്തെ എളുപ്പം പൊളിച്ചു കളയാം .ഉള്ളടക്കവാദികള്ക്കാകട്ടെ,  രാഷ്ട്രീയജാഗ്രതയുള്ള രാഷ്ട്രീയകവിതയുടെ പുതിയ വികാസമായി ഈ  'എക്സ് റ്റ നന്ഷനെ '  വിശകലനം ചെയ്യാം. അവരോടൊന്നും ഞാന് തര്ക്കികുകയില്ല. കാരണം അവരാണ് കൂടുതല് ശരി. എന്നാല് , കൂടുതല് തെറ്റു വരുത്തിക്കൊണ്ട് പറയട്ടെ. കാവ്യസമീപനത്തിലും രാഷ്ട്രീയകൃത്യതാശ്രമങ്ങളിലും ഉടന് പ്രതികരണപ്രവണതയിലും സച്ചിദാനന്ദനും ശങ്കരപ്പിള്ളയും കുടിച്ചതിന്റെ ബാക്കി കുടിക്കുന്ന കവിയാണ്‌ പി.എന് . ഗോപികൃഷ്ണന്. കൂടുതല് കൂടുതല് തെറ്റു വരുത്തിക്കൊണ്ട് വീണ്ടും പറയട്ടെ .  സച്ചിദാനന്ദനും ശങ്കരപ്പിള്ളയും നിര്മ്മിച്ച വീഞ്ഞ് പുതിയ കുപ്പികളില് ഗോപീകൃഷ്ണന് നിരത്തി വെച്ചുകൊണ്ടിരിക്കുന്നു .അത് നിരവധി പേരെ ആകര്ഷിക്കുന്നു. അങ്ങനെ ആകര്ഷിക്കപ്പെടുന്നവരാണ് കൂടുതല് ശരി. എന്നാല് കൂടുതല് കൂടുതല് കൂടുതല് തെറ്റു വരുത്തിക്കൊണ്ട് ഇനിയും ചോദിക്കട്ടെ : അയാള് എന്നാണ് അയാളുടെ ആദ്യത്തെ കവിതയെഴുതുക?

കിംഗ്‌ ജോണ്‍സിന്റെ കവിത

എന്റെ സ്വപ്നത്തില് ചില കവികളുണ്ട് . ആ കവികള് എഴുത്തച്ഛനെ വായിച്ചിട്ടില്ല. പകരം പടിഞ്ഞാറും കിഴക്കും വടക്കും തെക്കുമുള്ള ലോകസംഗീതം കേള്ക്കുന്നു. സംഗീത ബാന്റുകളേയും ഗായകരേയും കേള്ക്കുന്നു. ആ കവികള് കുമാരനാശാനേയും വള്ളത്തോളിനേയും വായിച്ചിട്ടില്ല. പകരം എല്ലാ പോപ്പുലര്  സിനിമകളും കാണുന്നു. ആ കവികള് വൈലോപ്പിള്ളിയേയും ഇടശ്ശേരിയേയും വായിച്ചിട്ടില്ല. പകരം ഫിലിം ഫെസ്റ്റിവലുകളില്  അലഞ്ഞു തിരിയുന്നു. ആ കവികള് ആറ്റൂര്  രവിവര്മ്മയേയും ശങ്കരപ്പിള്ളയേയും സച്ചിദാനന്ദനേയും ബാലചന്ദ്രന് ചുള്ളിക്കാടിനേയും വായിച്ചിട്ടില്ല . പകരം ബിനാലെകളില് മുഴുകുന്നു. ആ കവികള് തൊണ്ണൂറുകളിലെ കവികളെ വായിച്ചിട്ടില്ല . പകരം പെര്ഫോമിംഗ്പോയട്രിയെക്കുറിച്ചും സൈബര് കണ്ണാടിക്കയങ്ങളില് നിന്നും വിചിത്ര ഭാഷയെ എങ്ങനെ കണ്ടെത്താമെന്നും  ആലോചിക്കുന്നു.

എന്റെ സ്വപ്നത്തിലെ കവികളെ ഞാന്  കണ്ടുമുട്ടിയിട്ടേയില്ല . കിംഗ്‌ ജോണ്സ്  എന്റെ സ്വപ്നത്തിലെ കവിയുമല്ല. എന്നാല് അയാള് എഴുതുന്ന ചില വരികള് , വരികളിലെ കാഴ്ച പതിക്കുന്ന ചില ഇടങ്ങള് എന്റെ സ്വപ്നത്തിലെ കവികള് എഴുതാനിടയുള്ള വരികളുടെ , കാഴ്ചകളുടെ വിദൂരസാമ്യങ്ങളെ അല്പമായെങ്കിലും മുന്നില് കൊണ്ടു വരുന്നു. കവിതയല്ലെന്നു തോന്നിപ്പിച്ചുകൊണ്ട്‌ പരാജയപ്പെടുന്ന കിംഗ്‌ ജോണ്‍സിന്റെ കവിതകള് ,  വലിയ വിജയങ്ങള് നിരന്തരം ആവര്ത്തിക്കുന്ന 'മികച്ച കവിത' കളേക്കാള് സമീപഭാവിയില് മലയാളകവിതയില്  ഇനിയും  സംഭവിക്കാനിടയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകള് നല്ക്കുന്നു. പലപ്പോഴും മടുപ്പിക്കുന്ന എകതാനതയുടെ എഴുത്തുകുഴികളില്  വീണുപോകുന്നുണ്ടെങ്കിലും കാവ്യവാഹനത്തിന്റെ പോക്ക്  ഒരുപ്പോക്ക്പോക്കാണ് . തലതെറിച്ച പോക്ക് . സദാചാരകൃത്യത , രാഷ്ട്രീയകൃത്യത , കവിതയെഴുത്തിലെ കൃത്യത , കവിതയെ കവിതയാക്കാനുള്ള ശ്രമത്തിലെ കൃത്യത ...........ഈവിധമുള്ള ഒരുതരം ക്രുത്യതയുമില്ലാതെ കവിത ഇങ്ങനെയുമകാമെന്ന് ' ഒരുപ്പോക്ക്പോകുന്നപോക്കില് ' എടുത്തുകാട്ടുന്നു. സ്ത്രീവിരുദ്ധമാകുമെന്നോ ധാര്മ്മികയുക്തികള്ക്ക് വിരുദ്ധമാകുമെന്നൊ പേടിച്ചുവിറച്ചു കൊണ്ടല്ല കിംഗ്‌ ജോണ്സ് കവിതയെഴുതന്നതെന്ന് കവിതകളില് നിന്നും മനസ്സിലാക്കാം.  കാരണം , അയാളുടെ കവിതയില് അയാളില്ല. ഒരു മസ്സില്പിടുത്തവുമില്ലാതെ അധോലോകങ്ങളിലേക്ക് അയാള് കവിതയെ തുറന്നിട്ടിരിക്കുന്നു. തിളങ്ങുന്നതിനും വാഴ്ത്ത്തപ്പെട്ടതിനും സുഗന്ധം പൂശിയതിനുമെല്ലാം അടിത്തട്ടില് അളിഞ്ഞഴുകിപ്പുഴുത്തു കിടക്കുന്നതെല്ലാം  അയാളുടെ കവിതയിലേക്ക് അടിച്ചു കേറുന്നു . അയാള് അതില് പ്രതിയല്ല.  പുറമേ , ഇസ്തിരിയിട്ട  പകല്മാന്യതയും രഹസ്യമായി കുട്ടികളോടും സ്ത്രീകളോടും ജനാധിപത്യപ്രയോഗങ്ങള് തിരിഞ്ഞു നോക്കാത്ത മനുഷ്യരോടും മണ്ണിനോടും മരങ്ങളോടും സര് വ്വ അനീതികളും കാണിക്കുന്ന ഒരുവന്  , ഭിന്നലൈംഗികതയെന്നും ട്രാന്സ് ജെന്ടര് എന്നും കേട്ടാല് അറപ്പോടെ മുഖം തിരിച്ച് , സൂര്യനുദിക്കാത്ത പാതിരാനേരങ്ങളില് അറപ്പുളവാക്കുന്ന സര് വ്വ വൃത്ത്തികേടുകളുടെയും വിളനിലമായി മാറുന്ന ഒരുവന് , ബസ്സിലും തീവണ്ടിയിലും സ്കൂളിലും കോളേജിലും സര് വ്വ കലാശാലകളിലും അധികാരത്തിന്റെ ഇടനാഴികളിലും  പുണ്യവാളനായി  പ്രത്യക്ഷപ്പെടുകയും തരം കിട്ടിയാല് കൈകള് കൊണ്ടും കണ്ണു കൊണ്ടും കാലു കൊണ്ടും മനസ്സു കൊണ്ടും ചെകുത്താനായി അഴിഞാടുകയും ചെയ്യുന്ന  ഒരുവന്  , കളെളന്നോ കഞ്ചാവെന്നൊ കേട്ടാല് ചെവിപൊത്തി വിശുദ്ധനായി ഞെളിയുന്ന ,  അധികാരമെന്നും അഴിമതിയെന്നും പേരുള്ള മയക്കുമരുന്ന് കഴിച്ച് ലഹരിപിടിക്കുന്ന , സന്മാര്ഗവാദിയായ ഒരുവന് ,  തന്റെ രഹസ്യ ജീവിതത്തിലെ 'അവനെ ' കവിതയില്  കണ്ട് കിംഗ്‌  ജോണ്സാണെന്ന് ആരോപിച്ച് , അയാളെ പ്രതിക്കൂട്ടില് നിരത്തി സ്വയം രക്ഷപ്പെട്ടേക്കാം . കവിത എങ്ങനെ വായിക്കണമെന്നു പഠിപ്പിക്കാന്  തല്ക്കാലം  ദുര്ഗുണപരിഹാര പാഠശാലകളിലേക്ക് ' അവനെ ' പറഞ്ഞു വിടാം.  ലോകം നന്നാക്കാനിറങ്ങിയിരിക്കുന്ന  സാമൂഹിക ചിന്തകരും സാംസ്കാരിക നായകരും ആള്ദൈവങ്ങളും മതവാദികളും സ്ത്രീപക്ഷചിന്തകരും സിവില്സമൂഹ വിദഗ്ദ്ധന്മാരും പറയുന്നിടത്തല്ല , മറ്റൊരിടത്താണ് ലോകം തെറ്റിപ്പോകുന്നതെന്ന് കിംഗ്‌ ജോണ്‍സിന്റെ കവിതകള് അടിവരയിടുന്നു. ഉള്ളൂര് എസ് . പരമേശ്വരയ്യര്  അടക്കമുള്ള സാഹിത്യചരിത്ര  രചയിതാക്കളും കാവ്യപാരമ്പര്യം വായിച്ചു പഠിക്കൂ എന്നുപദേശിക്കുന്ന കാവ്യഗുരുക്കന്മാരും പറയുന്ന എഴുത്തച്ഛന്  മുതലാരംഭിക്കുന്ന ' മഹാ പാരമ്പര്യ ' മല്ല , ഇനിയും  രേഖപ്പെടുത്തേണ്ടതും കണ്ടെടുക്കേണ്ടതുമായ , പലകാരണങ്ങളാല് മറയത്താക്കപ്പെട്ട മലയാളകവിതയുടെ അഴകും വൃത്തിയും കൃത്യതയുമില്ലാത്ത സമാന്തരചരിത്രത്തിന്റെ പിന്തുടര്ച്ചയാണ് കിംഗ്‌ ജോണ്‍സിന്റെ കവിതയും. കിംഗ്‌ ജോണ്സ്  കവിതയില്  തുടരുമോ എന്നെനിക്കറിയില്ല. തുടരുകയാണെങ്കില് സ്തുതിവചനങ്ങളില് കുരുങ്ങിപ്പോകാതെ , സ്വയം വിമര്ശനത്തിന്റേയും സൂക്ഷ്മതയുടേയും സാദ്ധ്യതകളുടേയും വൈവിധ്യപ്രകാശനങ്ങളിലേക്ക് എഴുത്തു രീതിയെ  വികസിപ്പിക്കണമെന്ന്  ഒരു ചെറിയ വായനക്കാരനായി  തനിച്ചു നിന്നു കൊണ്ട് വിനയപൂര്വ്വം ഞാന്  ആഗ്രഹിക്കുന്നു. അങ്ങനെ ആഗ്രഹിക്കുന്നത് ശരിയല്ലെന്നു വരാം.  പക്ഷേ , സ്വയം അനുകരിച്ചനുകരിച്ച് ഒടുങ്ങിപ്പോയ കവികളുടെ ചരിതം അങ്ങനെ ആഗ്രഹിക്കാന്  എന്നെ പ്രേരിപ്പിക്കുന്നു.

കട്ടക്കയം ചെറിയാന് മാപ്പിളയെ വീണ്ടും വായിക്കുമ്പോള്

മലയാളകവിതയുടെ പ്രവാഹധാരകളെ വേറിട്ട രീതിയില് അടയാളപ്പെടുത്താന് ആഗ്രഹിക്കുന്ന വായനക്കാരന് ശ്രദ്ധിക്കേണ്ട കവികളില് ഒരാളാണ് കട്ടക്കയം ചെറിയാന് മാപ്പിള . വടക്കന് കേരളത്തില്  വെണ്മണിപ്രസ്ഥാനവും  തെക്കന് കേരളത്തില്  കേരളവര്മ്മപ്രസ്ഥാനവും കേളികേട്ടു നിന്ന കാലഘട്ടത്തിലായിരുന്നു കട്ടക്കയം കാവ്യരംഗത്തേക്ക് കടന്നു വന്നത് . രണ്ടു പ്രസ്ഥാനങ്ങളോടും സ്വകീയമായ അകലം പാലിച്ചുകൊണ്ട് തന്റേതായ രീതിയിലാണ് കട്ടക്കയം കാവ്യസപര്യയെ മുന്നോട്ടു കൊണ്ടു പോയത്. കേരളവര്മ്മ പ്രസ്ഥാനത്തോട് മമതയുണ്ടായിരുന്നുവെങ്കിലും ആ മമതാബന്ധം തന്റെ കവിതാരീതിയെ കടന്നാക്രമിക്കാതിരിക്കാനുള്ള വിവേകം കവി പ്രദര്ശിപ്പിക്കുന്നുണ്ട്.മഹാകാവ്യം , സംസ്കൃത നാടക മട്ടിലുള്ള പദ്യനാടകം , ആട്ടക്കഥ , ലഘുകാവ്യം തുടങ്ങി ബഹുരൂപങ്ങളായ ആവിഷ്ക്കാരങ്ങള്  കട്ടക്കയത്തിന്റെ വിശാലമായ കാവ്യഭൂമികയില് കാണാം. 

ക്രൈസ്തവാദര്ശങ്ങളും  ക്രൈസ്തവഇതിവൃത്തങ്ങളുമാണ് മിക്കവാറും കട്ടക്കയത്തിന്റെ കൃതികള്  എടുത്തു പെരുമാറുന്നത് . എന്നാല്  വെറും ക്രൈസ്തവാദര്ശങ്ങളും ക്രൈസ്തവഇതിവൃത്തങ്ങളും എന്ന നിലവിട്ട് അവ മലയാളഭാഷയുടെ പൊതുമണ്ഡലത്തിലേക്ക് വികസിക്കുന്നു. പൊതുമണ്ഡലത്തെ തന്നെ വികസിപ്പിക്കുകയും വേറിട്ട ഇടങ്ങള്  സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. ഒരു കാലഘട്ടത്തില് മേല്ക്കൈ നേടിയ 'മുഖ്യധാരാസാംസ്കാരിക മനോഭാവത്തിനും ' 'സാമാന്യ വഴക്കങ്ങള്ക്കു ' മെതിരെ ,  നസ്രാണി തുഴഞ്ഞാലും കവിതയുടെ തോണി ഭാഷയുടെ പ്രധാന കടവുകളില് എത്തുമെന്നും കവിതയുടെ നിര്മ്മാണമൂല്യം നസ്രാണിയെന്നതിനപ്പുറം നിര്ണ്ണയിച്ച്ചാലും കവിയെന്ന നിലയിലുള്ള തന്റെ സ്ഥാനമുറപ്പിക്കാന് കഴിയുമെന്നും കട്ടക്കയത്തിനു സ്വന്തം  കൃതിസമുച്ചയത്തിലൂടെ തെളിയിക്കാന് കഴിഞ്ഞു.

സംസ്കൃത - മണിപ്രവാള രീതികള്  എഴുത്തില് കലര്ത്തുംപോഴും മലയാളത്തിന്റെ സാദ്ധ്യതകളെ സമര്ത്ഥമായി ഉപയോഗിക്കാന് കട്ടക്കയം നിരന്തരം ശ്രമിക്കുന്നത് കാണാം. ലളിത മലയാളപദങ്ങളും ' പണ്ടാരാണ്ട് ' , ' പൊല്ലാപ്പ് ' , ' അലമ്പ് ' തുടങ്ങിയ നിരവധി നാട്ടുപദങ്ങളും തമിഴില് നിന്നുള്ള വാക്കുകളും കടമെടുത്തുകൊണ്ട് കവിത കെട്ടിയെടുക്കുന്ന കാവ്യചതുരത കട്ടക്കയം കൃതികള്ക്ക് പരഭാഗശോഭയണയ്ക്കുന്നു. ആദ്യത്തെ കൃതിയായി പരിഗണിക്കപ്പെടുന്ന ' യൂദജീവേശ്വരി ' യില് തന്നെ ഇതിന്റെ പ്രത്യക്ഷതകളുണ്ട് .
' പണ്ടാരാണ്ടു പറഞ്ഞോരിപ്പഴ മൊഴി -
ക്കൊന്നെങ്കിലും ഭേദമി -
ന്നുണ്ടാമോ വരുമീവിധം പിശുനരാ -
മെല്ലാവര്ക്കുമന്തം ജവാല് '
'മാര്ത്തോമ്മാ ചരിതം 'എന്ന മറ്റൊരു കൃതിയില് ഇതേ ഭാഷയുടെ വേറൊരു തിരനോട്ടം തിരയിളക്കുന്നുണ്ട്.
' ഇല്ലത്തവര്ക്കു കഴിയുന്ന സഹായമെല്ലാ -
മുള്ളോരു ചെയ്കിലഖിലേശനതിഷ്ടമായി
അല്ലെങ്കിലീശനവരോടുളവാമനിഷ്ടം
പൊല്ലാപ്പുമെത്തുമവസാനമവര്ക്കു മേന്മേല് '
ഓട്ടന് തുള്ളല് രീതിയില് എഴുതിയ ഖണ്ടകാവ്യമായ 'ക്രിസ്തുനാഥന്റെ  ഉപവാസം ' ഓട്ടന് തുള്ളലില് സഹജമായിരിക്കുന്ന നര്മ്മഭാഷണത്തിന്റെ പതിവുതെറ്റിച്ച് ആഖ്യാനത്തിന് വ്യത്യസ്തസ്വഭാവം നല്കാന് കട്ടക്കയം ശ്രമിക്കുന്നതിന്റെ രേഖയാണ്.
'വിളവു തികഞ്ഞീടിന ഗോതമ്പിന്
വളയും കതിരുകള്  തിങ്ങിയ പാടം
കനകപ്പൊടിയാല്  മൂടിയ  വയല്പോ -
ലനവധി കാണുക കൗതുകപൂര് വ്വം '
ഇങ്ങനെ എന്തെഴുതുംപോഴും തനിവഴിയിലെ സഞ്ചാരകൌതുകം കട്ടക്കയത്തിന്റെ കൃതികളില് ഇത:പര്യന്തം ദൃശ്യമാകുന്നു.

ക്രിസ്ത്യന് ഇതിവൃത്തത്തെ ഉപജീവിച്ച് മലയാളത്തിലുണ്ടായ ആദ്യത്തെ എണ്ണംപറഞ്ഞ ആട്ടക്കഥകളിലൊന്ന് കട്ടക്കയത്തിന്റെ ' ഒലിവര് വിജയ ' മാണ് . ആട്ടക്കഥാശില്പ്പത്തിലേക്കും ആട്ടപ്പദങ്ങളിലേക്കും ഇതിവൃത്തത്തേയും കഥാപാത്ര ചിത്രീകരണത്തേയും ഇഴയടുപ്പത്തോടെ അടുക്കിച്ചേര്ക്കാന് കട്ടക്കയത്തെ പ്രാപ്തനാക്കുന്നത്  സംസ്കൃതത്തിലും സംഗീതശാസ്ത്രത്തിലും നേടിയെടുത്ത  വ്യുല്പ്പത്തിയാണ് . സംസ്കൃതഭാഷയുടെ കടിച്ചാല് പൊട്ടാത്ത പ്രയോഗങ്ങളോ ഗാംഭീര്യമൊ അല്ല , മറിച്ച് സംസ്കൃതഭാഷയുടെ തന്നെ ലാളിത്യത്തെയാണ് തന്റെ ആട്ടക്കഥയുടെ അടിപ്പടവായി കട്ടക്കയം സ്വീകരിച്ചിരിക്കുന്നത്. 'ഒലിവര് വിജയ' ത്തിലെ ശ്ലോകങ്ങള്  അതിനെ സാക്ഷ്യപ്പെടുത്തുന്നവയാണ് .
' പരമസുകൃതജാലം സൃഷ്ടിരക്ഷാദിലീലം
ചരണപതിതബാലം ദീനലോകാതിലോലം
ശരണ രഹിതപാലം യേശുമിഷ്ടാനുകൂലം
ദുരിതനിരതകാലം നൗമികാരുണ്യശീലം '
ലളിതസംസ്കൃത വീഥികളില് എന്നതുപോലെതന്നെ   മലയാളത്തിന്റെ വളവുതിരിവുകളില് കൂടിയും  കട്ടക്കയം തന്റെ ആട്ടക്കഥയെ അനായാസം ഓടിച്ചുകൊണ്ട് പോകുന്നു.
'പാരെല്ലാം കീര്ത്തിമൂലം വെളുവെളെ  വിലസി -
            പ്പിച്ചുകൊണ്ടാത്ത്തമോദം
കാറല് മാന്  സാര് വ്വ ഭൗമന് ഭുവനതിലകമാ -
           യോരു പാരീസില് വാണു '
അയത്നലളിതമായി ഒഴുകുന്ന ആട്ടപ്പദങ്ങളുടെ സൂക്ഷ്മശബ്ദവിന്യാസത്തിന് ' ഒലിവര് വിജയ' ത്തില് ഉദാഹരണങ്ങള്  ഉചിതമായുണ്ട്.
' ക്രൂരത പെരുത്തൊരരിവീരനിരതന്നെഞാന്
ഭീരുതവെടിഞ്ഞുടനെ പോരതിലൊടുക്കിടാം
പോരിലിവനോടധിക ധീരതയോടൊത്തുടന്
നേരിടുന്നതിനിളയിലാരോരുവനിന്നഹോ  '
പരമ്പരാഗത ഇതിവൃത്തമല്ലാതിരുന്നിട്ടും 'രാഗ' ങ്ങളുടെ   വൈവിധ്യപ്രയോഗത്തിലൂടെ  സംഗീതശാസ്ത്രത്തിലുള്ള  കട്ടക്കയത്തിന്റെ അസാമാന്യമായ അറിവു പ്രകടമാക്കാന് മാത്രമല്ല , അതുവഴി 'ഒലിവര് വിജയ' ത്തെ പരമാവധി ആകര്ഷകമാക്കി മാറ്റാനും കട്ടക്കയത്ത്തിനു സാധിച്ചിരിക്കുന്നു. അത്തരത്തിലുള്ള ആദ്യശ്രമമെന്ന നിലയില നോക്കുമ്പോള്  അത് ചെറുതല്ലാത്ത നേട്ടം തന്നെയാണ്.

മലയാളകവിതയിലെ  മഹാകാവ്യപ്രസ്ഥാന ചരിത്രത്തില് സവിശേഷപരിഗണന അര്ഹിക്കുന്ന മഹാകാവ്യമാണ് കട്ടക്കയത്തിന്റെ 'ശ്രീയേശുവിജയം '. ഇരുപത്തിനാലു സര്ഗ്ഗങ്ങളുള്ള  ഈ കാവ്യത്തില്  ഇരുപതുവൃത്തങ്ങള്  ഫലപ്രദമായി സന്നിവേശിപ്പിച്ചുകൊണ്ട്‌ ബൈബിള്  മുഴുവന് മലയാളത്തനിമയില് ക്രോഡീകരിക്കാന് കട്ടക്കയത്തിനായി. ഇതിവൃത്തത്തെ  പൊളിച്ചടര്ത്തി , ആചാര്യ ദണ്ടിയുടെ നിര് വചനമനുസരിച്ച് കുറെ  വര്ണ്ണനകള്  തിരുകിവെച്ചുകൊണ്ടുള്ള പ്രതിപാദനത്തെ മാറ്റിനിര്ത്തി എന്നത് മഹാകാവ്യപ്രസ്ഥാനത്തിലെ ഒരനന്യതയായി തന്നെ വിലയിരുത്തേണ്ടി വരും .
' സര്ഗ്ഗബന്ധോ മഹാ കാവ്യമുച്യതേ തസ്യ ലക്ഷണം :
ആശീര് നമസ്ക്രിയാ വസ്തു നിര്ദേശോ വാപി തന്മുഖം
ഇതിഹാസകഥോദ്ഭൂതമിതരദ്വാസദാശ്രയം.
ചതുര് വര്ഗ്ഗഫലായത്തം  ചതുരോദാത്തനായകം
നഗരാര്ണ്ണവശൈലര്ത്തു ചന്ദ്രാര്ക്കോദയ വര്ണ്ണനൈ :
ഉദ്യാനസലില ക്രീഡാമധുപാനരതതോല്സവൈ :
വിപ്രലം ഭൈര്വിവാഹൈശ്ച കുമാരോദയ വര്ണ്ണനൈ :'
ഈ വിധമുള്ള  ദണ്ടിയുടെ മഹാകാവ്യലക്ഷണത്തെ അപ്പടി അനുസരിക്കാന് കട്ടക്കയം തയ്യാറായില്ല എന്നതു മാത്രമല്ല ,വര്ണ്ണനകള്  ആകാവുന്നിടത്തോളം കുറച്ച് , കുറച്ച് പറയുന്നതിലൂടെ കൂടുതല് ധ്വനിപ്പിക്കുക  എന്ന പരീക്ഷണപാതയിലൂടെ പോകാനും കട്ടക്കയം തയ്യാറാകുന്നുണ്ട്.  ദണ്ടിയുടെ കാഴ്ചപ്പാടിനെ അതേവിധം പിന്തുടര്ന്ന ഭാരവി ' കിരാതാര്ജ്ജുനീയ ' ത്തിലും  മാഘന് 'ശിശുപാല വധ ' ത്തിലും കഥയുടെ കാതലിനെ തന്നെ മൂടിമറയ്ക്കുന്ന തരത്തില് അതിവര്ണ്ണനകളെ കുന്നുകൂട്ടുകയും സര്ഗ്ഗങ്ങളെ അനാവശ്യമായി  പൊലിപ്പിക്കുകയും ചെയ്യുകയുണ്ടായി. ' ശ്രീ യേശുവിജയ ' ത്തില് മഷിയിട്ടു  നോക്കിയാലും അങ്ങനെയൊന്നു കാണാന് കഴിയില്ല. ' ശ്രീയേശുവിജയം ' പ്രസിദ്ധീകരിക്കപ്പെടുന്നത് 1926 - ല് ആണ് .അതിനു മുന്പ് പുറത്ത് വന്ന ഉള്ളൂരിന്റെ ' ഉമാകേരളം '  കെ.സി. കേശവപിള്ളയുടെ 'കേശവീയം ' തുടങ്ങിയ മഹാകാവ്യങ്ങളിലെ വൃഥാസ്ഥൂലതകളോടു  താരതമ്യപ്പെടുത്തുംപോള്  ' ശ്രീയേശുവിജയ' ത്തിലെ മിതവാക്കിന്റെ സംയമനവും സമ്മേളനവും കൂടുതല് ശ്രദ്ധിച്ച്‌ അപഗ്രഥിക്കേണ്ട ഒന്നായിത്തീരുന്നു. വള്ളത്തോളിന്റെ ' ചിത്ര യോഗ ' വും നാനാവിധമായതു വൃഥാസ്ഥൂലതയാല് ആണെന്നുള്ള ഉള്ളാട്ടില് ഗോവിന്ദന്കുട്ടി നായരുടെ നിരീക്ഷണവും ഇവിടെ ഓര്ക്കാം.

പറയേണ്ടതു മാത്രം പറയുന്ന പതിവാണ് കട്ടക്കയത്തിന്റേത് . ക്രിസ്തുവിന്റെ കുരിശുമരണത്തെ ആരായാലും ഒന്നുകേറി വര്ണ്ണിച്ചുപോകും  . എന്നാല് കട്ടക്കയം ചുരുങ്ങിയ വാക്കുകളില് സന്ദര്ഭത്തിന്റെ ഗൌരവവും വികാരവും വ്യഞ്ജിപ്പിക്കുന്നത് നോക്കുക.
' അലയില്പെട്ടൊരോടത്തിന്
നിലയില് ക്ഷിതിമണ്ഡലം
ശിലയും മലയും വിണ്ടു
ചലനം പൂണ്ടിതേറ്റവും '
അല്പം പറഞ്ഞ്‌ അധികം  പ്രകാശിപ്പിക്കുന്ന പ്രവണതയെ എത്ര വിദഗ്ദ്ധമായാണ് കട്ടക്കയം ആവിഷ്ക്കരിക്കുന്നതെന്ന് ഏദന്തോട്ടത്തെക്കുറിചെഴുതുന്നിടത്ത്  തികച്ചും വ്യക്തമാകും.
'മലര്തന് മധുവുണ്ടുണ്ടു
വലഞ്ഞു മധുപാളികള് 
ബലമറ്റു ചിരിക്കുന്നു
നിലതെറ്റിയമാതിരി .

ഇണക്കമേറുമേണത്തിന്
ഗണമാശങ്കയെന്നിയേ
തൃണം തിന്നുനടക്കുന്നി -
തിണ ചേര്ന്നേതിടത്തിലും '
ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും കൂടുതലെഴുതി മടുപ്പിക്കുന്നില്ല കട്ടക്കയം .
'തേജസ്സിണങ്ങും സദനങ്ങളേറ്റം
സൌജന്യമൊത്തവനുമെന്നുമേകി
രാജപ്രഭാവത്തൊടു വാനില് വാഴും
രാജപ്രമാണിക്കു തൊഴുത്തു വീടായ് '
' ക്രിസ്ത്യേതരായ കേരളീയര്  വിശേഷിച്ചും ' ശ്രീയേശുവിജയ ' പ്രണേതാവിനോട് നന്ദി പറയട്ടെ . അവര്ക്ക് വിശുദ്ധസുവിശേകമാകുന്ന  നറുംപാല് വേണ്ടുവോളമാസ്വദിപ്പാന് തക്കവണ്ണം അത് കറന്നെടുത്തു നിര്മ്മലമായ സ്ഫടികപ്പാത്രത്തില് നിറച്ചു വച്ചിരുന്ന മഹോപകാരിക്ക് അവരെത്രയേറെ കടപ്പെട്ടിട്ടില്ല ' എന്ന് വള്ളത്തോളും  , ' നിങളുടെ കവിതയ്ക്ക് സവിശേഷമായ ഒരാസ്വാദ്യതയുണ്ട് ' എന്ന് കേരളവര്മ്മ വലിയകോയിത്തമ്പുരാനും , ' ഇത്രയും വിശാലവും വിജാതിയവുമായ നൂതന കാവ്യമെന്ന് ' അപ്പന് തമ്പുരാനും വാഴ്ത്തുകയും തിരിച്ചറിയുകയും ചെയ്ത കട്ടക്കയത്തിന് മലയാളസാഹിത്യചരിത്ര ത്തില് കിട്ടേണ്ട പ്രാധാന്യം കിട്ടാതെ പോയതെന്തുകൊണ്ട് എന്ന ചോദ്യം , മലയാള സാഹിത്യചരിത്രത്തെതന്നെ പുനര്നിര്വചിക്കുവാനും പുന :ക്രമീകരിക്കുവാനും അപനിര്മ്മിക്കുവാനും പ്രേരിപ്പികേണ്ട , പ്രേരിപ്പിക്കുന്ന ഒന്നാണ്.

Thursday, January 10, 2013

ബാലാമണിയമ്മയുടെ കവിത


ലയാള കവിതാ ചരിത്രത്തില്‍ ബാലാമണിയമ്മയെപ്പോലെ ഒരു കവയിത്രി അതിനു മുന്‍പും പിന്പുമില്ല.ഇടശ്ശേരി ,വൈലോപ്പിള്ളി,ജി,പി,വെണ്ണിക്കുളം,പാലാ,വി.കെ.ജി,കെ.കെ.രാജ,നാലാങ്കല്‍ കൃഷ്ണപിള്ള ,എം.പി.അപ്പന്‍ , സി. എ. ജോസഫ്‌ ,എന്.വി.......തുടങ്ങിയ എത്രയോ കവികള്‍ സജീവമായിരുന്നകാലഘട്ടത്തിലാണ് ബാലാമണിയമ്മയും എഴുതിത്തെളിഞ്ഞു നിറഞ്ഞത്‌.ആണ്‍ കവികള്‍ പറന്ന എല്ലാ ആകാശങ്ങളിലേക്കും തന്റേതായ ചിറകുകള്‍ വെച്ചു പിടിപ്പിച്ച് ബാലാമണിയമ്മ പറന്നു ചെന്നു.അവരോടൊപ്പമോ അവരില്‍ ചിലരേക്കാള്‍ ഉയരത്ത്തിലോ പറന്നു കൊണ്ട് ഒരു സ്ത്രീയുടെ ആന്തര ജീവിതത്തിന് ഏതാശയവും വഴങ്ങുമെന്ന് സൌമ്യമായ തന്റേടത്തോടെ അവര്‍ കാട്ടിത്തന്നു .ലോകത്തേയും പ്രകൃതിയേയും അക്കാലത്തെ പ്രമുഖരായ ആണ്‍കവികള്‍ എത്രത്തോളം സമഗ്രതയോടെ തങ്ങളുടെ കവിതകളിലേക്ക്‌ സ്വാമ്ശീകരിച്ചുവോ അത്രത്തോളം സമഗ്രതയോടെ തന്നെ സ്വന്തം കവിതയിലേക്കും സ്വാംശീകരിക്കുവാന്‍ ബാലാമണിയമ്മക്ക് കഴിഞ്ഞു.അങ്ങനെ ലോകവും ഭൂമിയും പ്രകൃതിയും ആണിനും പെണ്ണിനും തുല്യമായി പങ്കിടാനുള്ളതാനെന്നും ,ആണിന്റെ കാല്ച്ചുവടുകല്കൊപ്പം പതിയാനുള്ളതു തന്നെയാണ് പെണ്ണിന്റെ കാല്‍ചുവടുകള്‍ എന്നും ,എഴുത്തില്‍ ആണിന് സാധ്യമാകുന്നതെല്ലാം പെണ്ണിനും സാദ്യമാകുമെന്നും ബാലാമണിയമ്മയുടെ കാവ്യസപര്യ നമ്മെ ബോധ്യപ്പെടുത്തുന്നു.അനവധി ആണ്‍കവികള്‍ ഒരുമിച്ചു ചേര്‍ന്ന് നിര്‍മിച്ച ഒരു കാവ്യകാലഘട്ടത്തോടൊപ്പം പിണച്ചുകെട്ടാന്‍ എന്തുകൊണ്ടും ശക്തമായ കവിതയുടെ ഒരു' പെണ്കാലം 'ഒറ്റയ്ക്ക് നിര്‍മ്മിചെടുത്തു എന്നതാണ് ബാലാമണിയമ്മയുടെ ചരിത്രപരമായ പ്രസക്തി.

പൊതുവേ മലയാള കവിതയിലെ ശ്രദ്ധേയരായ കവയിത്രികളുടെ സ്ത്രൈണമായ ഭാഷാനിര്‍മാണത്തില്‍ (അതവരുടെ പ്രത്യേകതയായി കാണുന്ന വായനക്കരുണ്ടാവാം )നിന്ന് തികച്ചും ഭിന്നമായ ബലിഷ്ടമായ ,പേശീബലമുള്ള ഭാഷാനിര്‍മ്മിതിയാണ്‌ ('പുള്ളിക്കുത്തുള്ള ഭാഷ' എന്ന നിരവധി ധ്വനികളുള്ള പ്രയോഗം ബാലാമണി യമ്മയുടെ ഒരു കവിതയിലുണ്ട് .) ബാലാമണിയമ്മയെ ഒറ്റപ്പെടുത്തി നിര്‍ത്തുന്ന ഒരു പ്രധാന ഘടകം.ഭാഷയുടെ ആണ്‍ -പെണ് ഭേദങ്ങള്‍ക്കപ്പുരതെക്ക് സഞ്ചരിച്ചുകൊണ്ട് മറ്റൊരു തരം സവിശേഷ ഭാഷയിലാണ് ബാലാമണിയമ്മ കവിതകള്‍ എഴുതിയത്.ഇതാകട്ടെ,ഏതുതരം വിഷയത്തിന്റെ തുറസ്സിലേക്കും സ്വാഭാവികമായി കടന്നു കയറാന്‍ ബാലാമണിയമ്മയെ പ്രാപ്തയാക്കുന്നു.ഇതിന്റെ ഒരു ഫലം കേവലമായ സ്ത്രൈണാദര്‍ശങ്ങളുടെ ആവേശത്തില്‍ നിന്നും അതിവൈകാരികതയില്‍ നിന്നും അവരുടെ കവിത രക്ഷപെട്ടു നില്‍ക്കുന്നു എന്നുള്ളതാണ് .
''കമ്പോളത്തിലെ ധൂളിപടലം പരക്കുമ്പോള്‍
നിരത്തില്‍ ബ്ബാഡം മുഷ്ടി ചുരുട്ടി ജനോല്‍-
ക്കരത്തില്‍ കരളിലെ കൊടുംകാട്ടടിക്കുംപോള്‍
കൂടിമുട്ടലാല്‍ മതവര്‍ഗ്ഗഭേദങ്ങല്‍ക്കെഴും
നേട്ടങ്ങള്‍ ചുറ്റും തകര്‍ന്നടിഞ്ഞു പാഴാകുംപോള്‍
വേരുച്ചെന്‍ ജീവനില്‍ പുലരും തപോവന
ദാരുക്കള്‍ പൊരുപറ്റു തലയാട്ടുവാനെന്തേ ?''

സ്ത്രീയുടെ ലോകത്തെ എഴുതുകയല്ല ,പുല്ലിനും പുഴുവിനും കൂടിയിടമുള്ള ലോകത്തെ സ്ത്രീയായി നിന്ന് കൊണ്ട് കവിതകളിലൂടെ മനസ്സിലാക്കാനുള്ള ശ്രമമാണ് ബാലാമണിയമ്മ നടത്തുന്നത്.സ്ത്രീയുടെ ആന്തര ലോകത്തെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന കവിതകളിലാവട്ടെ ,ആ ലോകത്തെ അതായി എഴുതുകയല്ല ,മറിച്ച് അതിനെ നിരവധി ഭാവ മേഖലകളിലേക്ക് ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു എഴുത്ത് രീതിയാണ് അവര്‍ പിന്തുടരുന്നത്.
''ആപത്തിന്‍ വിളി പൊങ്ങും നഗരങ്ങളിലൂടെ
ഭൂപദങ്ങളെ മുക്കുമന്ധകാരത്ത്തില്‍ കൂടി
ഇരമ്പിക്കേറുന്ന പോര്കൊപ്പു വണ്ടികള്‍ തമ്മി -
ലിടഞ്ഞേട്ടുടഞ്ഞിടും യുദ്ധ രംഗത്തില്‍ കൂടെ
ധീരതയുടെ വെണ്ണീര്‍ മൂടിയ കരളിന്റെ
നീറലിലൂടെ,ത്യാഗത്തിന്റെ മുള്‍ക്കാട്ടില്‍ കൂടെ
നീ വരൂ വരപ്രദേ ,ത്വന്‍മൃദു സ്പര്‍ശത്താലീ
ജീവിതാര്‍ണവ ത്തിര ക്കൊളടങ്ങട്ടെ''

കാവ്യയോഗാത്മകതയുടെ അതിശയപ്പിറവികളാണ് ബാലാമണിയമ്മയുടെ ചില കവിതകള്‍.ജി.യിലും പി.യിലും ആത്മീയതയും യോഗാത്മകതയും ബഹിര്ഭാഗ ദൃശ്യങ്ങളായി ,സമൃദ്ധിയായി നിറയുമ്പോള്‍ ,ബാലാമണിയമ്മയില്‍ അവയുടെ കൂടുതല്‍ സൂക്ഷ്മമായ ആവിഷ്കാരങ്ങളാണുള്ളത്.
'നിത്യതയില്‍ പ്പണ്ടെന്നോ ,വിടര്ന്നപ്പോഴെന്നോണം
നില്‍ക്കുന്നു നിലാവിലീ യൂഴിയാം വേണ് തണ്ടലര്‍
ഞാന്നിതിന്നല്ലി ചാര്‍ത്തില്‍ തങ്ങിടുമൊരു നേര്‍ത്ത
രേണുവോ മധുകണം നുകരും ചെറു വണ്ടോ?

ബാലാമണിയമ്മയില്‍ കാവ്യയോഗാത്മകത സഹജസ്വഭാവവും സംസ്കാരവുമാണ്‌ .എന്നാല്‍ സമകാലികതയെ അഭിമുഖീകരിക്കുംപോള്‍ മനുഷ്യോന്മുഖമായ സ്വാഭാവിക പ്രതികരണങ്ങള്‍ ആണ് അവരുടെ കവിതയില്‍ കാണാനാവുക.സമകാലിക ലോകാവസ്ഥക്ക് പകരം വെക്കാവുന്ന ഒരു 'സാങ്കല്പികഅവസ്ഥയായി' ബാലാമണിയമ്മ അവരുടെ യോഗാത്മക കാഴ്ച്ചപാടുകളെ അവതരിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.കാവ്യയോഗാത്മകത ബാലാമണിയമ്മക്കവിതയില്‍ സഹജ സ്വഭാവവും സംസ്കാരവുമാനെങ്ങില്‍,സമകാലികതയെന്നത് സ്വകീയമായ കാഴ്ച്ചപാടിന്റെയും പ്രതികരണമനോഭാവത്തിന്റെയും രൂപകമായാണ് പ്രവര്‍ത്തിക്കുന്നത് .

സ്ത്രീയുടെ സ്വകാര്യവും രഹസ്യാത്മകവുമായ ലോകങ്ങള്‍ ബാലാമണിയമ്മക്കവിതയില്‍ പരസ്യപ്പെടുന്നില്ല.അതേ സമയം, പൊതു ഇടങ്ങളില്‍ തിരനോട്ടം നടത്തുന്ന മിക്ക സ്ത്രീവേഷങ്ങളും അതിന്റെ വൈവിധ്യങ്ങളോടെ ഏറിയോ കുറഞ്ഞോ അവരുടെ കവിതയില്‍ പകര്ന്നാടുന്നുണ്ട് .ഉപരിപ്ളവമായ ഏതു പരസ്യപ്പെടലും താല്കാലികമായ ആവേഗങ്ങള്‍ അഥവാ സെന്സേഷനുകള്‍ മാത്രമേ സൃഷ്ടിക്കുകയുള്ളൂ എന്ന തിരിച്ചറിവ് ഈ കവയിത്രിക്കുണ്ട്.പ്രപഞ്ചം എന്ന മഹാ രഹ്സ്യത്തിലേക്ക് നോക്കിനിന്ന് തന്നെ തന്നെ മറന്നു പോകുമ്പോള്‍ സ്വകാര്യ ദുഖങ്ങള്‍ക്കും സ്വകാര്യ കാമനകള്‍ക്കും അപ്പുറമുള്ള സാര്‍വലൌകികവും അടിസ്ഥാനവര്ത്തിയുമായ ദുഃഖരഹസ്യങ്ങളെ കവിതകളിലൂടെ വ്യാഖ്യാനിക്കനാണ് അവര്‍ ശ്രമിച്ചത്. fundamental anguish of being എന്ന് ഈ മനോഭാവത്തെ Sheridan തത്ത്ത്വചിന്താപരമായി രേഖപ്പെടുത്തുന്നു .'ആസ്മിന്‍ ഹംസോ ബ്രാമ്യതെ ബ്രമ ചക്രേ ''എന്ന് ശ്വേതാശത രോപനിഷ്ത്തില്‍ ഇതേ മനോഭാവത്തിന്റെ മറ്റൊരു തലം വിശദമാക്കപ്പെടുന്നുണ്ട്.ബാലാമണിയമ്മ എഴുതുന്നു :
''അക്ഷരക്കരിനീലചില്ലുകള്‍ക്കുള്ളില്‍ക്കൂടെ -
യല്ഭുതങ്ങളെക്കണ്ടുകണ്ടിരുന്നിരുട്ടാകെ ,
പുസ്തകമടച്ചു ഞാന്‍ നിദ്ര പൂകിലും വിശ്വ -
വിസ്ത്രിതികളില്‍ ചുറ്റിത്തിരിഞ്ഞു വീണ്ടും പ്രജ്ഞ .''

രണ്ടു കണ്ണുകള്‍ എല്ലായ്പ്പോഴും അവരുടെ കവിതയില്‍ അടയാതെ തുറന്നിരിക്കുന്നു.ഒരു ആണ്‍കണ്ണും ഒരു പെണ്കണ്ണും .രണ്ടു കണ്ണിലൂടെയും കാണുന്ന ദൃശ്യങ്ങള്‍ ഇടകലരുകയും ഒന്നാകുകയും ചെയ്യുന്നു.യോഗാത്മകമെന്നോ സമകാലികമെന്നോ ലളിതമെന്നോ സന്കീര്‍ണമെന്നോ ചെറുതെന്നോ വലുതെന്നോ ഉള്ള വ്യത്യാസങ്ങള്‍ മാഞ്ഞു മാഞ്ഞ് ആര്‍ക്കും വസിക്കാവുന്ന വീടായി കവിത മാറുന്നു.

കവിത : ഗോപന്‍ പൊന്മുടി , കൂരീപ്പുഴ സുനില്‍രാജ്


ഗോപന്‍ പൊന്മുടിയുടെ കവിത

1980- കളോടെ സവിശേഷമാകുകയും H.Gorski ,Harrette Mullen ,Jac McCarthy ,WanGui Ngugi ,Paulie Lipman , Smokey Robinson ,Andi Gibb , Marc Marcel ,Beau Sia ,Ginsberg ,Bob Cobbling ,Briyan Patten ........ തുടങ്ങി നിരവധി കവികളിലൂടെയും ഗായകരിലൂടെയും  പലതലങ്ങളിലേക്കു വളരുകയും  ചെയ്ത വിഷ്വല്‍ പോയട്റി  , പെര്‍ഫോമന്‍സ് / പെര്ഫോര്‍മിംഗ് പോയട്റി ,തുടങ്ങിയ കാവ്യപ്രയോഗങ്ങളുടെ പുതുപുത്തന്‍ വികാസമായ മൊബൈല്‍ വിഷ്വല്‍ പോയട്റിയുടെ വക്താക്കളില്‍ ഒരാളായ Noel Urayoan ആ  ശ്രമത്തെ ക്കുറിച്ച് ഇങ്ങനെയെഴുതുന്നു : ...... changing poetry into a planet of political freedom with sound ,body ,place, rhythm ,light , shadows ,tattoos ,visuals , painting and ' the digital ' ..... . In making poetry of access . ( Post Performance Poetry :  Politics of sound , movements and visual territories) .ആ ശ്രമത്തെ പിന്‍പറ്റുന്ന കവിയായ Lemn Sissay അതിനെ ഇങ്ങനെ പൂരിപ്പിക്കുന്നു: Poetry no more stand alone in the darkness of the antediluvian ages or be left on the pages. മറ്റൊരു കവിയായ Willie Perdomo ഇങ്ങനെ വ്യാഖ്യാനിക്കുന്നു :Letting loose poetry with painted feet and,glittering sound .

ഗവേഷണവിദ്യാര്‍ഥിയും കവിയുമായ ഗോപന്‍ പൊന്മുടിയുടെ ഗവേഷണ വിഷയം പെര്ഫോര്‍മിംഗ് പോയട്റിയുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടും അയാള്‍ കവിതയെഴുതുമ്പോള്‍ അത്തരമൊരു ആയം കവിതയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതു കൊണ്ടുമാണ്  മുകളിലെ സൂചനകള്‍ കടന്നു വന്നതെന്നു പറഞ്ഞു കൊള്ളട്ടെ. കവിതയിലെ പെരുകുന്ന തുറസ്സുകളെ സൂക്ഷ്മമായി പിന്തുടരുന്നതിന്റെ പ്രകാശനമെന്ന നിലയിലാണ് കവിത അതിന്റെ വ്യത്യസ്തമായ ആവിഷ്ക്കാരങ്ങളിലേക്കും അവതരണസാദ്ധ്യതകളിലേക്കും പോകുന്നത്. ആവിധമുള്ള ഒരാവിഷ്കാരത്തെ ഗോപന്‍ പൊന്മുടി ഈവിധമെഴുതാന്‌ ശ്രമിക്കുന്നു.ഈ കവിത സമകാലകവിതയുടെ ഒരു പ്രത്യക്ഷതയാണ്.
_________________________________________________________________

കൂരീപ്പുഴ സുനില്‍രാജിന്റെ കവിത

കൂരിപ്പുഴ സുനില്‍രാജിന്റെ കവിതയില്‍ മധ്യവര്‍ഗ മലയാളത്തിനു പുറത്തുള്ള  മലയാളം  .നാട്ടുഭാഷാ വഴക്കം  .പ്രാദേശികപ്പേചിന്റെ പിച്ചിവെക്കലുകള്‍ .പതിവ് രീതിയിലല്ല. പഴയ തനതുവാദത്തിന്റെ ചുവടുപിടിച്ചല്ല . പുതുകാലത്തെ ചേറിയെടുക്കുംപോഴുള്ള ചെത്തം .എല്ലാത്തരം ആദശാത്മകതയേയും പരണത്തുവെച്ച് യാത്ര പോകുന്ന കവിതയുടെ വഴിച്ചന്തം . പുറമ്പോക്കില്‍ നിന്നുയരുന്ന ഗഞ്ചിറയുടെ റിഥം കവിതയ്ക്ക് . നവനിരീക്ഷണനിര്‍മാണ ചതുരത.
__________________________________________________________

Sunday, November 4, 2012

കഥകളിയിലെ ജനാധിപത്യം



  • 'വേഷങ്ങലോരോന്നരങ്ങ്ത് ,കണ്ണിലെ
  • ഭാഷയില്‍ ചുണ്ടങ്ങച്ചോപ്പിണങ്ങി '
  • -എം .ഗോവിന്ദന്‍ .
  •  
  • ഒരു കലാരൂപമെന്നനിലയില്‍ കഥകളിയുടെ ആന്തര ഘടനജനാധിപത്യത്തിന്റെതാണ് .ഒരു സ്വതന്ത്ര റിപബ്ളിക്.കുറെ കാലം വരെയെങ്ങിലും അത് സഞ്ചരിച്ചുകൊണ്ടിരുന്ന ഭ്രമണ പഥങ്ങള്‍ യാഥാസ്ഥിതികമായിരുന്നു. എന്നാല്‍ കലാരൂപമായ കഥകളിയുടെ സ്വയം ഭ്രമണത്തില്‍ ജനാധിപത്യത്തിന്റെ അതിരുകളില്ലാത്ത ഊര്‍ജ്ജവും നന്മകളും ഉണ്ടായിരുന്നു .ഭ്രമണ പഥങ്ങളില്‍ മാത്രം ഊന്നിക്കൊണ്ട് കഥകളിയെ വിമര്‍ശിച്ചവര്‍ ,പക്ഷേ ,കഥകളിയുടെ സ്വയം ഭ്രമണത്തിലെ കലാപരമായ ജനാധിപത്യ സ്വഭാവത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് സത്യം .നാടന്‍ കലകളുടേയും അനുഷ്ഠാന കലകളുടേയും കൃഷ്ണനാട്ടം കൂടിയാട്ടം തുടങ്ങിയ ശാസ്ത്രീയ കലകളുടേയും ഒരു 'ഡെമോക്രാറ്റിക് കൊളാഷ് ' കഥകളിയുടെ ശരീര ശാസ്ത്രത്തിലുണ്ട് .ഓരോ ആട്ടപ്രകാരത്തിലും അരങ്ങിലും അത് മാറിമാറി വരുന്നു .കഥകളിപ്പദത്തിലെ ആവര്‍ത്തനങ്ങളില്‍ കഥയുടെ വ്യാഖ്യാനം മാത്രമല്ല ,പദാര്‍തഥത്തിനു മുദ്ര പിടിച്ചു കൊണ്ടുള്ള അഭിനയസന്കേതത്തേയും നടന്റെ അഭ്യാസ ബലത്തേയും വ്യാഖ്യാനിക്കുന്ന രീതി കാണാം .ആദിവാസികളുടെ പത്തടിപ്പാട്ടില്‍ ആവര്തനത്തിലൂടെ നര്‍ത്തകന്റെ ചുവടുവെപ്പുകളെ ,ആങ്ങികമായ വടിവുകളെ ഊന്നിയുറപ്പിക്കുന്നതിന് സമാനമായ ഒന്നാണിത് .
  • വെട്ടത് രാജാവിനും കല്ലടികോടനും കപ്ലിങ്ങാടനും വേഷം ,പാട്ട് ,കൈമുദ്രകള്‍ ,കലാംശം ,എന്നീ നാല് ഘടകങ്ങളെ പരിണാമവിധേയമാക്കാന്‍ കഴിഞ്ഞത് കഥകളിയുടെ ഘടനയില്‍ ഒളിഞ്ഞിരിക്കുന്ന ജനാധിപത്യ പ്രവണതകള്‍ കൊണ്ടാണ് .കപ്ലിങ്ങാടന്‍-കല്ലടി കോടന്‍ സമ്പ്രദായത്തെ സംസ്കരിച്ചെടുക്കാന്‍ ആദ്യംഇട്ടിരാരിശമേനോന്നും പിന്നീട് ശിഷ്യന്‍ പട്ടികാംതൊടിക്കും സസൂക്ഷ്മം കഴിഞ്ഞത് ഈ പ്രവണതയുടെ പിന്‍ബലവും വഴക്കവും കൊണ്ടാണ് .കല്ലുവഴിചിട്ടയുടെ വികാസത്തിലും പില്‍കാല പില്‍കാല സ്വാംശീകരണങ്ങളിലും ഇതേ പ്രവണതയുടെ സ്വയംസിധ്ധമായ നവീകരണ വാസന പ്രവര്‍ത്തിക്കുന്നത് കാണാം.ഇന്ന് ,കളിയരങ്ങുകള്‍ തോറും സക്രിയമായ സര്‍ഗാത്മക പരിണാമങ്ങള്‍ക്ക് ഇടം കിട്ടുന്നതും ഈവിധമുള്ള പ്രവണതയുടെ പാരമ്പര്യത്തില്‍ നിന്നാണ് .ഇതു വെറും മാറ്റമല്ല .സമൂല വിപ്ളവവുമല്ല.ജനാധിപത്യ സംസ്കാരത്തില്‍ സമൂല വിപ്ളവത്തെ അസാദ്ധ്യമാക്കുന്ന ഏതോ സോഫ്ടുവെയര്‍ പ്രവര്‍ത്തിക്കുന്നത് പോലെ കഥകളിയുടെ ജനാധിപത്യ സംസ്കാരത്തില്‍ വെറും മാറ്റങ്ങളേയും സമൂല വിപ്ളവത്തേയും തിരസ്കരിക്കുന്ന ഒരു ജെനെറ്റിക് എലിമെന്ടുണ്ട് .കഥകളിയില്‍ സംഭവിച്ച ,സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം 'ഒറിജിന്‍ ഓഫ് സ്പീഷീസില്‍ 'ചാള്‍സ് ഡാര്‍വിന്‍ ജീവിവര്‍ഗത്തിന്റെ പരി ണാമത്തെക്കുറിച്ചു പറയുന്നതിനെ ഓര്‍മ്മിപ്പിക്കുന്നു .ആകസ്മികവും അഗാധവുമായ വ്യതിയാനമാ ണത് (chance variation).
  • മന്ദ ചലനങ്ങളെ വേഗതകൊണ്ടും വേഗതയെ മന്ദ ചലനങ്ങള്‍ കൊണ്ടും നേരിടുന്ന ഒരു ഡയലടിക്സ് കഥകളിയിലുണ്ട്‌ .കാഴ്ചക്കാരന്റെ മനോഭാവത്തില്‍ ഉടലെടുക്കുന്ന മന്ദ ചലനങ്ങളെ വേഗതകൊണ്ടും കാഴ്ച്ചകാരന്റെ ചിന്തയില്‍ സംഭവിക്കുന്ന വേഗതയെ മന്തച്ചലനങ്ങള്‍ കൊണ്ടും നേരിടുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്ന്ന ഒരു രീതിശാശ്ത്രം .അരങ്ങും കാഴ്ചകാരനും തമ്മിലുള്ള ലയമല്ല ,മറിച്ച് ,കാഴ്ചകാരനും അരങ്ങും തമ്മിലുള്ള സംവാദത്തിന്റെ സാദ്ധ്യതയെ തേടുന്നു എന്നതാണ് ഈ രീതിശാശ്ത്രത്തിന്റെ സവിശേഷത .ആട്ടവിളക്കിലെ തിരികള്‍ കാഴ്ചകാരനിലേക്കും നടനിലേക്കും ഉന്നം വെക്കുന്നത് ഇതിന്റെ പ്രതീകാത്മകതയെ ആണ് സൂചിപ്പിക്കുന്നത് .രണ്ടു തിരിവെളിച്ചവും പ്രതിഫലിച്ചു തിളങ്ങുന്ന ആട്ടവിളക്കിന്റെ 'മൊട്ടു 'പോലെ സംവാദത്തിന്റെ പൊലിമകള്‍ അരങ്ങിനും കാഴ്ച്ചകാരനുമിടയില്‍ സ്വാഭാവികമായി ഉരുവം കൊള്ളുന്നു .കഥകളിയെന്ന കലരൂപത്തിനുള്ളിലെ ജനാധിപത്യ സംസ്കാരത്തിന്റെ സ്വച്ചവിശാലത കഥകളി നടന്മാരുടെ ആത്മകഥ‍ കളിലേക്കും പടര്‍ന്നു നില്‍ക്കുന്നു.കലാമണ്ഡലം കൃഷ്ണന്നായരുടെയും കലാമണ്ഡലം രാമന്കുട്ടിയുടെയും ആത്മകഥകളില്‍ ഇതു കാണാം .എഴുതുന്ന ആള്‍ കഥയില്‍ നിന്നും ഏറെക്കുറെ അപ്രത്യക്ഷമാകുകയുംചുട്ടിക്കാരും പെട്ടിക്കാരും അനുവാച്ചകരും ഒക്കെ അടങ്ങുന്ന സിവില്സമൂഹത്തിനു വലിയ ഇടം ലഭിക്കുകയും ചെയ്യുന്നു .മാങ്ങുളവും വാഴേങ്കടയും പള്ളിപ്പുറവും കീഴ്പ്പാടവും പട്ടികാംതൊടിയും തുടങ്ങിയുള്ളവരുടെ ആത്മകഥാപരമായ എഴുത്തുവഴികളിലും ഇതു ദര്‍ശിക്കാവുന്നതാണ് .
  • ഒരുതരത്തില്‍ ,കഥകളിയിലെ തിരനോട്ടമെന്നത് ഒരു കലാ രൂപത്തിനുള്ളില്‍ തന്നെ ആ കലാരൂപത്തെകുറിചുള്ള അപഗ്രഥനത്തിലേക്കുള്ള തിരനോട്ടം കൂടിയാകുന്നു .കലാപരമായ ജനാധിപത്യത്തിന്റെ ആന്തരികമായ ദൃശ്യവല്കരണങ്ങള്‍ കഥകളിയില്‍ അവസാനിക്കുന്നതേയില്ല .